വാഷിംഗ്ടണ്‍: ചുഴലിക്കാറ്റിനെ ആറ്റംബോംബിട്ട് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുഴലിക്കാറ്റ് അമേരിക്കയെ പിടിച്ചുകുലുക്കും മുമ്പ് ബോംബിട്ട് തകര്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയെന്ന് അമേരിക്കന്‍ വാര്‍ത്താ സൈറ്റായ അക്സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
ആഭ്യന്തര, ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരോടായിരുന്നു ട്രംപിന്റെ ചോദ്യം. ആഫ്രിക്കന്‍ തീരത്താണ് ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത്. അറ്റ്ലാന്റിക്കിലൂടെ അത് പുരോഗമിക്കും. അങ്ങനെയെങ്കില്‍ ആ ഘട്ടത്തില്‍ തന്നെ അണു ബോംബ് ഉപയോഗിച്ച് അതിനെ തടയാനാകില്ലേയെന്നായിരുന്നു ട്രംപിന്റെ ചോദ്യം.
നമുക്ക് അതിനുള്ള സംവിധാനമുണ്ട്. ചുഴലിക്കാറ്റിന്റെയുള്ളില്‍ ആറ്റം ബോംബ് വെച്ചു പൊട്ടിച്ചാല്‍ കാറ്റ് ചിതറിപ്പോവില്ലേ. നമുക്കെന്തു കൊണ്ട് അത് ചെയ്തുകൂടായെന്ന് ട്രംപ് ചോദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തങ്ങള്‍ അത് പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ ചോദ്യത്തിന് യോഗത്തിലുയര്‍ന്ന മറുപടി.
യോഗത്തിലുണ്ടായിരുന്ന ഒരാളെ ഉദ്ധരിച്ചാണ് ആക്സിയോസിന്റെ വാര്‍ത്ത. ഇതാദ്യമായല്ല ട്രംപ് ചുഴലിക്കാറ്റിനെ തുരത്താന്‍ ആറ്റം ബോംബ് എന്ന ആശയം പങ്കുവെക്കുന്നത്. 2017ലും, ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ച് ചുഴലിക്കാറ്റിനെ ഇല്ലാതാക്കിക്കിക്കൂടേയെന്ന് ട്രംപ് ചോദിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല.
1950 ല്‍ തന്നെ ഒരു സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നുവെന്നാണ് വിവരം. അന്ന് ഈസെന്‍ഹോവറായിരുന്നു യുഎസ് പ്രസിഡന്റ്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് അന്നേ വ്യക്തമായതായിരുന്നു. കൂടാതെ അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവ കരാറിന് വിരുദ്ധമാണ് ഇത്തരമൊരു ആശയം. സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കണമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.