എഴുപത് ലക്ഷമല്ല, കഷ്ടിച്ച് ഒരു ലക്ഷം; ട്രംപിനെ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇരട്ടിപ്പിച്ചു കാണിച്ചു
അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേറിട്ട സ്വീകരണമാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേര്‍ എത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. തന്റെ റോഡ് ഷോയ്ക്ക് ഇരുവശവുമായി ഇത്രയധികം പേര്‍ തിങ്ങിക്കൂടുമെന്ന് ആവേശപൂര്‍വം അദ്ദേഹം പറഞ്ഞുവെങ്കിലും കഷ്ടിച്ച് ഒരു ലക്ഷം പേരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചു.
ഇപ്പോഴത്തെ തീരുമാനപ്രകാരം വിമാനത്താവളത്തില്‍ നിന്ന് ട്രംപും മോദിയും ആദ്യമെത്തുന്നത് മഹാത്മാഗാന്ധിയുടെ ജീവിതവുമായി ഏറെ അടുപ്പമുള്ള സബര്‍മതി ആശ്രമത്തിലാണ്. ഇവിടെ നിന്നു ഇരുവരും എസ്പി റിംഗ് റോഡ് വഴി ഇന്ദിരാ പാലവും കടന്ന് പുതുതായി നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തും. തുടര്‍ന്ന് ട്രംപും മോദിയും ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും തമ്മില്‍ 24ന് കണ്ടുമുട്ടുകയാണെന്നാണ് ട്രംപിന്റെ വരവിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വറ്ററില്‍ കുറിച്ചത്.