നിത്യാനന്ദയുടെ അനുയായിയെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; മൃതദേഹം നഗ്നനാക്കപ്പെട്ട നിലയില്‍
പുതുച്ചേരി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വജ്ര വേലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നനാക്കപ്പെട്ട നിലയിലായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്.
അക്രമി സംഘം പണവുമായി കടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ പോയി രാത്രി കാറില്‍ മടങ്ങുകയായിരുന്നു ഇയാള്‍. രണ്ടു ലക്ഷത്തോളം രൂപയും കാറില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇയാള്‍ വീട്ടിലെത്തിയില്ല. ഇതേ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
ബേക്കറികളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുമുള്ള ഇയാള്‍ നിത്യാനന്ദയുടെ അനുയായിയാണ്. കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാര്യം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.