കേരളത്തിൽ ഡിസ്ചാര്‍ജ് പോളിസി മാറ്റാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് രോഗ മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. പത്ത് ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.

ദിനംപ്രതി അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.