24.6 C
Kottayam
Monday, May 20, 2024

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്,മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടെന്ന് പ്രിയദർശൻ

Must read

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടാണെന്നും ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബജറ്റിനെക്കുറിച്ചും പ്രിയദര്‍ശന്‍ ആശങ്ക അറിയിച്ചു.

“മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച്‌ ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല, അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു,”- പ്രിയദര്‍ശന്‍ പറഞ്ഞു.

കാലാപാനി സിനിമയുടെ ചിത്രീകരണ സമയത്ത് തിരക്കഥാകൃത്ത് ടി ദാമോദരനാണ് കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള സിനിമയുടെ സാധ്യതയും ആശയവും പങ്കുവെച്ചതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാലാപാനിയിലെ രണ്ട് സീന്‍ പോലും ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അത് കൊണ്ടു തന്നെ ആ സമയത്ത് കൊടുങ്കാറ്റും കടല്‍ യുദ്ധങ്ങളും ചിത്രീകരിക്കാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. 25 വര്‍ഷങ്ങള്‍ക്കു ശേഷം കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞു.

വി.എഫ്.എക്സില്‍ മാറ്റങ്ങള്‍ സംഭവിച്ചു. ഇപ്പോഴാണ് മരക്കാര്‍ എടുക്കാന്‍ പറ്റിയ ശരിയായ സമയമെന്ന് തോന്നി. ഇന്ത്യന്‍ സിനിമകളില്‍ ഇതിനു മുമ്ബ് ജനങ്ങള്‍ കടല്‍ യുദ്ധങ്ങള്‍ കണ്ടിട്ടില്ലായിരുന്നു. ഞാനക്കാര്യത്തില്‍ വിജയിച്ചുവെന്ന് ഉറച്ചു വിശ്വസിക്കുന്നു”, പ്രിയദര്‍ശന്‍ പറഞ്ഞു.

നൂറ് കോടി മുടക്കി നിര്‍മിച്ച മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ചിത്രത്തിന് ആറ് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

തിയറ്റര്‍ റിലീസിന് പിന്നാലെ ഡിസംബര്‍ 17 നാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്‍റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. സാബു സിറിലാണ് ചിത്രത്തിന്‍റെ കലാസംവിധാനം ഒരുക്കിയത്. തിരുവിന്‍റേതാണ് ക്യാമറ. എഡിറ്റിങ് എം.എസ് അയ്യപ്പന്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് വിഎഫ്‌എക്സ് ഒരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week