നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന് ലഭിയ്ക്കമോ? ഇന്നറിയാം
ന്യൂഡല്‍ഹി : നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം.
ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേഷ്വരി എന്നിവരടങ്ങുന്ന ബഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പറയും. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു.
കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജിയിൽ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാൻ മാറ്റിവെച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്‍റെ വാദം.
മൊബൈൽ ഫോണിൽ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയാണ്. നിയമപരമായി അത് ലഭിക്കാൻ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറുന്നിന് ഉപാധികൾ വെക്കാമെന്നും ദൃശ്യങ്ങൾ ചോരാതിരിക്കാൻ വാട്ടര്‍മാര്‍ക്കിട്ട് നൽകിയാൽ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു.
കാര്‍ഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.