മുംബൈ:ടൊയോട്ട അടുത്തിടെയാണ് മാരുതി സുസുക്കി എർട്ടിഗയെ (Maruti Suzuki Ertiga) റീബാഡ്ജ് ചെയ്ത് ടൊയോട്ട റൂമിയോൺ (Toyota Rumion) എന്ന പേരിൽ അവതരിപ്പിച്ചത്. ഈ രണ്ട് വാഹനങ്ങളും ഒരേ എഞ്ചിനും പ്ലാറ്റ്ഫോമുമായിട്ടാണ് വരുന്നത്. മാരുതി സുസുക്കിയുടെ വില കുറഞ്ഞ എംപിവി ടൊയോട്ടയുടെ ബാഡ്ജിൽ എത്തുമ്പോൾ കമ്പനി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്റീരിയർ, ഫ്രണ്ട് ഡിസൈൻ, പുതിയ കളർ ഓപ്ഷനുകൾ, അലോയ് വീലുകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളിൽ കമ്പനി എർട്ടിഗയും റൂമിയോണും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇവ വിശദമായി നോക്കാം.
ഫ്രണ്ട് ഗ്രിൽ
ടൊയോട്ട റൂമിയോണും മാരുതി സുസുക്കി എർട്ടിഗയും തമ്മിലുള്ള ആദ്യത്തെ വ്യത്യാസം ഫ്രണ്ട് ഗ്രില്ലിന്റെ കാര്യത്തിലാണ്. ടൊയോട്ട റൂമിയോണിന്റെ മുൻവശത്തെ ഗ്രില്ലിൽ മെഷ് പാറ്റേൺ നൽകിയിട്ടുണ്ട്. മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഹൊറിസോണ്ടൽ ക്രോം സ്ലാറ്റുകളാണുള്ളത്. രണ്ട് എംപിവികളുടെയും മുൻവശത്തെ ഗ്രില്ലുകൾ ക്രോം ട്രിം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ചെറിയ ഡിസൈൻ ഘടകങ്ങളുടെ കാര്യത്തിലാണ് എങ്കിലും ഈ വ്യത്യാസം ആദ്യ കാഴ്ചയിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കും.
റീഡിസൈൻ ചെയ്ത ബമ്പറുകൾ
ടൊയോട്ട റൂമിയോൺ, മാരുതി സുസുക്കി എർട്ടിഗ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ബമ്പറുകൾ അൽപ്പം വ്യത്യസ്‌തമാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. മുൻവശത്ത് ലോവർ എയർ ഇൻടേക്കിന് ചുറ്റും ബ്രഷ് ചെയ്‌ത അലുമിനിയം ഫിനിഷിങ്ങാണ് റൂമിയോണിൽ നൽകിയിട്ടുള്ളത്. ഫോഗ് ലാമ്പ് ഹൗസിങ് എർട്ടിഗയിലും റൂമിയോണിലും വ്യത്യസ്തമാണ്. ഈ ചെറിയ ഡിസൈൻ ഘടകങ്ങളാണ് രണ്ട് വാഹനങ്ങളുടെയും ബമ്പറിൽ ഉള്ളതെങ്കിലും ഇത് വലിയ മാറ്റം വരുത്തുന്നുണ്ട്.
പുതിയ കളർ ഓപ്ഷനുകൾ
മാരുതി സുസുക്കി എർട്ടിഗയ്ക്ക് നിലവിൽ 7 കളർ ഓപ്ഷനുകളാണുള്ളത്. ഡിഗ്നിറ്റി ബ്രൗൺ, മാഗ്മ ഗ്രേ, ഓക്‌സ്‌ഫോർഡ് ബ്ലൂ, ഓബർൺ റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് എർട്ടിഗയുടെ കളർ ഓപ്ഷനുകൾ. എന്നാൽ ടൊയോട്ട റൂമിയോൺ എംപിവി വെറും 5 നിറങ്ങളിലാണ് ലഭിക്കുന്നത്. സ്പങ്കി ബ്ലൂ, റസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, കഫേ വൈറ്റ്, എൻറ്റിസിങ് സിൽവർ) എന്നിവയാണ് ഈ വാഹനത്തിന്റെ കളർ ഓപ്ഷനുകൾ.
പുതിയ അലോയ് വീലുകൾ
ടൊയോട്ട റൂമിയോണും മാരുതി സുസുക്കി എർട്ടിഗയും തമ്മിൽ പുറത്ത് നിന്നും നോക്കുമ്പോഴുള്ള മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം അലോയ് വീലുകളുടെ ഡിസൈനിന്റെ കാര്യത്തിലാണ്. മാരുതി സുസുക്കി എർട്ടിഗ എംപിവിയിലെ അലോയ് വീലുകളേക്കാൾ കൂടുതൽ സ്‌പോർട്ടിയായിട്ടാണ് ടൊയോട്ടോ റൂമിയോണിന്റെ അലോയ് വീലുകൾ നൽകിയിരിക്കുന്നത്. ടൊയോട്ടോയുടെ മറ്റ് പല വാഹനങ്ങളിലുമുള്ള അലോയ് വീൽ ഡിസൈനുമായി സാമ്യത പുലർത്തുന്ന ഡിസൈനാണ് റൂമിയോണിന്റെ അലോയ് വീലുകളിലുമുള്ളത്.
ഇന്റീരിയർ
മാരുതി സുസുക്കി എർട്ടിഗയുടെയും ടൊയോട്ട റൂമിയോണിന്റെയും ഇന്റീരിയർ തികച്ചും വ്യത്യസ്തമാണ്. എർട്ടിഗ ബീജ്, ബ്ലാക്ക് നിറങ്ങളിലാണ് മാരുതി സുസുക്കി ഈ വാഹനത്തന്റെ ഇന്റീരിയർ നൽകിയിട്ടുള്ളത്. പുതിയ റൂമിയോൺ ഇന്റീരിയറിൽ ഗ്രേ ഷേഡാണുള്ളത്. ടൊയോട്ട റൂമിയോണിന്റെ ഇന്റീരിയർ മെയിന്റനൻസ് എളുപ്പമായിരിക്കും. രണ്ട് വാഹനങ്ങളുടെയും ഇന്റീരിയർ ഫീച്ചറുകളെല്ലാം ഏതാണ്ട് സമാനം തന്നെയാണ്.
ഏതാണ് മികച്ച വാഹനം
വില കുറഞ്ഞ 7 സീറ്റർ ഫാമിലി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസുകളാണ് മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ എന്നിവ. മാരുതി സുസുക്കിയുടെ സർവ്വീസും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുന്നവർക്ക് എർട്ടിഗയും ടൊയോട്ടയുടെ വിശ്വാസ്യതയും ബ്രാന്റ് വാല്യുവും കണക്കിലെടുക്കുന്നവർക്ക് റൂമിയോണും വാങ്ങാവുന്നതാണ്.