മുംബൈ: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി പൂര്‍ണമായും അടച്ചു. അഞ്ചു പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കടുത്ത നടപടിയിലേക്ക് കടന്നത്. ഇതുവരെ ധാരാവിയില്‍ 13 പേരിലാണ് രോഗബാധ കണ്ടെത്തിയത്.
<p>70കാരിയാണ് ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെയാള്‍. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും കണക്കിലെടുത്താണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയന്ത്രണം കടുപ്പിച്ചത്.</p>
<p>പഴം, പച്ചക്കറി വില്‍പ്പന പൂര്‍ണമായി നിരോധിച്ചു. വഴിയോര കച്ചവടത്തിനും വിലക്കുണ്ട്. മെഡിക്കല്‍ സേവനം നല്‍കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ. ഭക്ഷണം ഉള്‍പ്പെടെയുളള അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.</p>
<p>ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 15 ലക്ഷം പേരാണ് താമസിക്കുന്നത്.</p>