തിരുവന്തപുരം: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ഷാജുവിനെ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അടുത്ത ദിവസം മുതല്‍ കൂടുതല്‍ അന്വേഷണവും, ചോദ്യം ചെയ്യലും ആവശ്യമായി വരുന്നതിനാല്‍ അന്വേഷണ സംഘം വിപുലീകരിക്കും. റൂറല്‍ എസ്പിക്ക് തന്നെയായിരിക്കും അന്വേഷണ ചുമതല. ജോളി ആത്മഹത്യ പ്രവണത കാണിച്ചതായി അറിയില്ലെന്നും നിലവില്‍ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
കൂടത്തായിയിലേത് ഏറെ വെല്ലുവിളി നിറഞ്ഞ കേസാണെന്ന് ഡിജിപി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫോറന്‍സിക് തെളിവുകളാണ് വെല്ലുവിളിയാകുന്നത്. ആറ് പേരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം വരുമെന്നുള്ളതാണ് പ്രധാന പ്രശ്നം. എന്നാല്‍ അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞിരുന്നു.