കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്നു കണ്ടെത്തിയ കൊല്ലം പള്ളിമണില്‍ നിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം അമ്മയുടെ സഹോദരിയാണ് തിരിച്ചറിഞ്ഞത്. ദേവനന്ദയുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു.
പുഴയില്‍ മണല്‍ വാരിയ കുഴികളുണ്ട്. ഇതാകാം ഇന്നലെ മൃതദേഹം ലഭിക്കാതിരിക്കാന്‍ കാരണമെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. കുട്ടിയെ കണ്ടെത്താന്‍ വന്‍ തിരച്ചിലാണ് നടത്തിയിരുന്നത്. പോസ്റ്റ് മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തണമോയെന്ന കാര്യവും പരിശോധിക്കുന്നതായി കളക്ടര്‍ പറഞ്ഞു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണനും പറഞ്ഞു. എല്ലാതരത്തിലുള്ള ശാസ്ത്രീയ പരിശോധനകളും നടത്തും. ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആക്ഷേപങ്ങള്‍ അന്വേഷിക്കും. ഏതെങ്കിലും തരത്തില്‍ ആരെങ്കിലും അപായപ്പെടുത്തിയതാണെങ്കില്‍, കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയതും കുട്ടിയെ കാണാനില്ലെന്ന കാര്യം അറിഞ്ഞതും. തുടര്‍ന്ന് പൊലീസും നാട്ടുകാരുമെല്ലാം പാകലും രാത്രിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഇന്നുരാവിലെ ഏഴേമുക്കാലോടെയാണ് പുഴയിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്നു ഇരുന്നൂറോളം മീറ്റര്‍ ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.