ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം ദേശാഭിമാനി
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനെതിരെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം ദേശാഭിമാനി. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണറെ ചൊടിപ്പിച്ചെന്നും ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഗവര്‍ണറുടെ രാഷ്ട്രീയക്കളി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന ലേഖനത്തിലാണ് വിമര്‍ശനം. ഭരണഘടനാനുസൃതമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ലേഖനം പറയുന്നു. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മില്‍ വ്യത്യാസം ഉണ്ട്. ഇത് മനസ്സിലാക്കാതെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വിമര്‍ശിച്ചിട്ടുണ്ട്.
മോഡി ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധത്തില്‍ പങ്കാളി ആയതിന് പുറമേ നിയമപരമായും സമരമുഖം തുറന്നത് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യം ചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമര്‍ശനമാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണം എന്നുമുള്ള കീഴ്വഴക്കം ഉറപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പറയുന്നു.