കോപ്പൻഹേഗൻ:എന്താവണം ഒരു ക്യാപ്റ്റൻ എന്ന് ലോകത്തെ കാണിച്ചു കൊടുത്ത ഡെൻമാർക്കിന്റെ സിമൺ കിയർക്ക് അഭിവാദ്യങ്ങൾ. ഫിൻലൻഡിനെതിരായ മൽസരത്തിലെ 40മത്തെ മിനിറ്റിൽ ത്രോ സ്വീകരിക്കാൻ ഓടിയ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീഴുന്നു, അബോധാവസ്ഥയിലേക്ക് പോകുന്നു. ഓടിയെത്തിയ ഡെൻമാർക്കിന്റെ ക്യാപ്റ്റൻ സഹതാരത്തിന്റെ രക്ഷകനായി മാറുന്നതാണ് പിന്നീട് ഫുട്ബോൾ ലോകം കണ്ടത്.
വീണു കിടക്കുന്ന എറിക്സണ് അരികെയെത്തിയ കിയർ എറിക്സൺ നാവ് വിഴുങ്ങാതിരിക്കാൻ തന്റെ കൈ വിരലിട്ടു, പിന്നീട് CPR നൽകി, ഇതിനിടെ എറിക്സണ് വേണ്ട വായുസഞ്ചാരം ലഭിക്കാൻ വേണ്ടി താരങ്ങളോട് അകലം പാലിച്ചു നിൽക്കാൻ പറയുന്നു. ഇത് അതിവേഗത്തിൽ നടന്ന നീക്കങ്ങൾ, സെക്കൻഡുകൾക്കുള്ളിൽ. ഗ്യാലറിയിൽ നിന്നെത്തിയ മെഡിക്കൽ സംഘം എറിക്സണെ പരിശോധിക്കുമ്പോൾ ആ ചിത്രങ്ങൾ പുറത്തു പോകാതിരിക്കാനായി മറ്റു താരങ്ങളോട് വലയം തീർക്കാൻ പറയുന്ന കിയർ
ആ നിമിഷങ്ങളിൽ ആ സാഹചര്യത്തിന്റെ ക്യാപ്റ്റനായി ഡെൻമാർക്കിന്റെ ക്യാപ്റ്റൻ മാറി. പിന്നാലെ മൈതാനത്തേക്ക് കണ്ണീർ വാർത്ത് എത്തിയ എറിക്സണിന്റെ പങ്കാളി സബ്രീനയെ ആശ്വസിപ്പിക്കുന്നതും സിമൺ കിയർ എന്ന ക്യാപ്റ്റനാണ്. ക്യാപ്റ്റന്റെ ചെയ്തികളെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ കുത്തക തകർത്ത് ഇന്റർ മിലാനെ ജേതാക്കളാക്കിയ എറിക്സൺ, 2019 ൽ ടോട്ടനത്തെ ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും എറിക്സൺ ആണ്.
2010 മുതൽ ഡെൻമാർക്കിനായി കളിക്കുന്ന 29കാരൻ ഒരു പ്ലേമേക്കറുടെ റോൾ ഭംഗിയായി നിർവഹിക്കുന്ന താരമാണ്. 109 മൽസരത്തിൽ നിന്ന് 36 ഗോൾ നേടിയ എറിക്സൺ മുന്നേറ്റനിരയുടെ തൊട്ടു പിറകിൽ നിന്ന് അവർക്ക് അളന്നുതുക്കിയ പാസുകളും കൃത്യതയുള്ള ക്രോസുകളും നൽകുന്നു. ഡെൻമാർക്കിന്റെ പ്രതിരോധ നിര താരം കൂടിയായ ക്യാപ്റ്റൻ കിയർക്ക് ഏറ്റവും പ്രിയപ്പെട്ടവൻ കൂടിയാണ് എറിക്സൺ.