ദില്ലി: ചൈനീസ് വനിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്. ഇവർക്കൊപ്പമുണ്ടായിരുന്നവരിലേക്കും ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്.ബുദ്ധ മത വിശ്വാസിയായി സന്യാസ ജീവിതം അനുഷ്ഠിക്കാനെന്ന പേരിൽ ഇന്ത്യയിലെത്തിയ ഇവർ ചാരപ്രവർത്തിയിലാണ് ഏർപ്പെട്ടിരുന്നത് എന്ന സംശയത്തെ തുടർന്നാ അറസ്റ്റിലായത്. രണ്ട് ദിവസം മുൻപ് ദില്ലി പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈകോ സിറ്റി സ്വദേശിയായ സൈ റൂ ആണ് പിടിയിലായ വനിത. നേപ്പാൾ ഐഡന്റിറ്റി കാർഡുമായാണ് ഇവർ ദില്ലിയിൽ ബുദ്ധ സന്യാസിനിയായി ജീവിച്ചുപോന്നത്. ഇവർക്ക് 50 നടുത്ത് വയസ് പ്രായമുണ്ട്.
ആദ്യം 2019 ലാണ് ഇവർ ഇന്ത്യയിലെത്തിയത്. അന്ന് ചൈനീസ് പാസ്പോർട്ടായിരുന്നു കൈയ്യിലുണ്ടായിരുന്നത്. 2020 ൽ ഇവർ തിരികെ ചൈനയിലേക്ക് പോയി. പിന്നീട് 2022 സെപ്തംബറിൽ തിരിച്ചെത്തി. 2019 ൽ വന്നപ്പോൾ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാം വരവിൽ താമസം ദില്ലിയിലെ മജ്നു കാ ടിലയിലേക്ക് മാറ്റി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ബുദ്ധ മത വിശ്വാസിയാണെന്നും ഇതിനായാണ് ഇന്ത്യയിലെത്തിയത് എന്നുമാണ് ഇവർ പറഞ്ഞത്.
അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ നേപ്പാൾ ഐഡന്റിറ്റി കാർഡാണ് ഉണ്ടായിരുന്നത്. ഡോൽമ ലാമ എന്ന പേരിൽ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഇവർ ചൈനാക്കാരിയാണെന്ന് മനസിലായത്.