NationalNews

ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി, തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക് ഡൗൺ

ഡൽഹി:കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വ്വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്.

രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്. കർണാടകയും മെയ് 10 മുതൽ 24 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ 6 മുതല്‍ 10വരെ മാത്രമേ തുറക്കുകയുള്ളൂ, എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.

രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകൾ. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,83,17,404 പേർ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

16,94,39,663 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മേയ് ഒന്ന് മുതൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്സിൻ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker