ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മത്സര വിലക്കുള്ളതിനാൽ റിഷഭ് പന്തിന് പകരം അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.
കണക്കുകളിൽ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാത്ത ഡൽഹിക്കും ആർസിബിക്കും ഇന്ന് ജീവൻമരണ പോരാട്ടമാണ്. തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.
തോല്‍വിപ്പടയെന്ന് കളിയാക്കിയവർക്ക് മുന്നിൽ വൻ തിരിച്ചുവരവ് നടത്തി മറുപടി നൽകിയിരിക്കുകയാണ് ആർസിബി. സ്വന്തം തട്ടകത്തിൽ ലക്ഷ്യമിടുന്നത് തുടർച്ചയായ അഞ്ചാം ജയം. 12 മത്സരങ്ങളിൽ 10 പോയിന്‍റുള്ള ആർസിബിക്ക് വലിയ മാർജിനിൽ ജയിച്ചാൽ ആദ്യ നാലിൽ പോലും എത്താം. രാജസ്ഥാൻ, ചെന്നൈയെ തോൽപ്പിക്കുകയും വേണമെന്നേയുള്ളൂ.
ബാറ്റിംഗിലും ബൗളിംഗിലും ടീം മെച്ചപ്പെട്ടതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. വിരാട് കോലിയുടെ തകർപ്പൻ ഇന്നിംഗ്സുകളാണ് ആർസിബിയെ കരകയറ്റുന്നത്. ഹോം ഗ്രൗണ്ടിൽ വിൽ ജാക്സ് കൂടി മിന്നൽ ബാറ്റിംഗ് പുറത്തെടുത്താൽ ഡൽഹി ബൗളർമാർ വിയർക്കും. പഞ്ചാബിനെതിരെ രജത് പാടിദാറും കാമറൂൺ ഗ്രീനും ഫോമിലെത്തിയത് ബാറ്റിംഗിൽ കൂടുതൽ കരുത്തേകുന്നു.
ഗ്ലെന്‍ മാക്സ്‍വെൽ ഇന്നും പുറത്തിരിക്കാനാണ് സാധ്യത. അടിവാങ്ങികൂട്ടുന്ന ബൗളർമാർ എന്ന ചീത്തപേരും ഒരു പരിധിവരെ മാറ്റാനായിട്ടുണ്ട് ആർസിബിക്ക്. മുഹമ്മദ് സിറാജും ലോക്കീ ഫെർഗ്യൂസനുമടക്കമുള്ള താരങ്ങൾ നന്നായി പന്തെറിഞ്ഞ് തുടങ്ങി.
കുറഞ്ഞ ഓവർ നിരക്കിന് വിലക്ക് വന്നതോടെ ഡൽഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തിന് ഇന്ന് കളിക്കാനാകില്ല. 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡൽഹിക്ക് ആർസിബിയെ പിടിച്ചുകെട്ടാനായാൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാകും. കരുത്തരായ രാജസ്ഥാനെ തോൽപ്പിച്ചാണ് ഡൽഹി ബെംഗളൂരുവിലെത്തുന്നത്.
ജേക് ഫ്രെയിസർ, ട്രിസ്റ്റൻ സ്റ്റബ്, അഭിഷേക് പുറേൽ എന്നിവർ തകർത്തടിച്ചാൽ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മത്സരത്തിൽ മുൻതൂക്കം ലഭിക്കാനാണ് സാധ്യത. ബൗളിംഗിൽ ഡൽഹിക്ക് വലിയ പ്രതീക്ഷകളില്ല. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളുണ്ടെങ്കിലും നിർണായക ഘട്ടങ്ങളിൽ കളി കൈവിടുന്നു.
ഇത് ആർസിബി മുതലെടുത്തേകാം. ഈ സീസണിൽ ആദ്യമായാണ് ഡൽഹി ആർസിബിയെ നേരിടുന്നത്. ഇരു ടീമുകളും ഐപിഎല്ലിൽ 30 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 18 തവണയും ജയം ആർസിബിക്കൊപ്പം നിന്നു എന്നതാണ് ചരിത്രം.