കോളേജുകളിൽ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ 15 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ 15 ന് ആരംഭിക്കും. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക്. ഇതാണ് റഗുലർ ക്ലാസ്സുകൾ ആക്കുന്നത്. 27 വരെയാണ് ഒന്നാം വർഷ ബിരുദ ക്ലാസുകൾ നടത്തുക. രണ്ടാംവർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16 വരെ നടത്തും.
കൂടാതെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ റഗുലർ ക്ലാസുകൾ മാർച്ച് 17 മുതൽ 30 വരെയും ഉണ്ടായിരിക്കും. ഇതോടൊപ്പം പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലർ ക്ലാസുകൾ നടത്തും. ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ റഗുലർ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്‌റ്ററുകാരുടെ ക്ലാസുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശമുണ്ട്. മൂന്ന് വർഷത്തിലെയും ആദ്യ സെമസ്‌റ്റർ ക്ലാസുകൾ വിത്യസ്‌ത തീയതികളിൽ ക്രമീകരിച്ച് വിദ്യാർഥികൾ ഒന്നാകെ കൊളേജുകളിലെത്തുന്നത് ഒഴിവാക്കിയിട്ടുമുണ്ട്.