ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണവാറണ്ട് ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടു പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു.
കോടതി ഹര്‍ജി തള്ളിയതോടെ പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്. ജയില്‍ അധികൃതരോട് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് കൂടുതല്‍ വൈകാനാണ് സാധ്യത.