പാലായില്‍ കലുങ്കിന് താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി; വാഹനത്തില്‍ എത്തിച്ച് തള്ളിയിതാണെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: പാലായില്‍ കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലാ തൊടുപുഴ റൂട്ടില്‍ കാര്‍മല്‍ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെ ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് 80 വയസ് തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കലുങ്കിനു താഴെ കാടും പടര്‍പ്പും പിടിച്ചു കിടക്കുന്ന സ്ഥലത്ത് എട്ടടിയോളം താഴ്ചയിലാണ് മൃതദേഹം കിടക്കുന്നത്. ഇന്നു രാവിലെ ഇതുവഴി പോയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എട്ടടിയോളം താഴ്ചയില്‍ മൃതദേഹം കിടക്കുന്നതാണ് സംശയത്തിനിടയാക്കുന്നത്. വാഹനത്തില്‍ എത്തിച്ചു മൃതദേഹം തള്ളിയതാണോയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ പഴക്കവും മറ്റു കാര്യങ്ങളും പരിശോധനകള്‍ക്ക് ശേഷമേ കണ്ടെത്താന്‍ സാധിക്കു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു മാറ്റും.