തുണി നല്‍കി സഹായിച്ച മനുഷ്യന് തുണി കൊണ്ട് സമ്മാനമൊരുക്കി ഡാവിഞ്ചി സുരേഷ്
കോഴിക്കോട്: തുണികൊടുത്തു സഹായിച്ച മനുഷ്യന് തുണികൊണ്ട് സമ്മാനം ഒരുക്കി ശില്‍പ്പി ഡാവിഞ്ചി സുരേഷ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് ചാക്കില്‍ നിറയെ തന്റെ കടയില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ നല്‍കിയ മാലിപ്പുറത്തെ തുണികച്ചവടക്കാരന്‍ നൗഷാദിനെയാണ് പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷ് വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചത്. ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ സൗമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
നടന്‍ രാജേഷ് ശര്‍മയും സംഘവും ചേര്‍ന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ നൗഷാദിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിച്ചത്. വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കടയിലേക്കും അവരോട് വരാന്‍ പറഞ്ഞു.
അവിടെ നിന്ന് പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. പിന്നീട് നൗഷാദിന്റെ മറുപടി ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..എന്നായിരുന്നു.
ഡാവിഞ്ചിയുടെ ശില്‍പ്പങ്ങള്‍ മുന്‍പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ലെ ‘നിര്‍ഭയ’ സംഭവത്തോടെയാണ് കലയിലൂടെ തന്റെ പ്രതികരണങ്ങള്‍ സമൂഹത്തെ അറിയിക്കുന്ന രീതി ഡാവിഞ്ചി തുടങ്ങിയത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ശില്‍പ്പവും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ അതിജീവിച്ച പ്രളയ ശില്‍പവും കത്വ പെണ്‍കുട്ടിയുടെ കളിമണ്‍ ശില്പവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.