നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസംതംഭനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ നില ഗുരുതരമാകുകയായിരുന്നു.1.52 ഓടെ മരണമടഞ്ഞു. ജൂൺ 24ന് ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു.
2000 ലധികം ഗാനങ്ങള്‍ക്ക് സരോജ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മുന്ന് തവണ ദേശിയ അവാര്‍ഡ് ജേതാവായിരുന്നു. ദേവദാസിലെ ’ഡോല രേ ഡോല’, മാധുരി ദീക്ഷിതിൻെറ തേസബിലെ ‘ഏക് ദോ തീൻ’, 2007ൽ പുറത്തിറങ്ങിയ ജബ് വി മെറ്റിലെ ‘യേ ഇഷ്ക് ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്കാണ് പുരസ്‌കാരം ലഭിച്ചത്. 2019ൽ കരൺ ജോഹർ നിർമിച്ച ‘കലങ്ക്’ എന്ന ചിത്രത്തിലെ തബാ ഹോ ഗയെ എന്ന പാട്ടിനായിരുന്നു അവസാനമായി കൊറിയോഗ്രാഫി ചെയ്തത്.