ഇടുക്കി ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ പ്രാം ബ്ല) ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഇന്ന് വൈകിട്ട് ആറിന് തുറന്നു. 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയുള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ജലനിരപ്പ് 192.63 മീറ്റര്‍ എത്തുമ്പോള്‍ ഇന്ന് (ആഗസ്റ്റ് 6 വ്യാഴം) വൈകുന്നേരം 7 മണിയോടുകൂടി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്‌സ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും.
ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളില്‍ 50 സെന്റീ മീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും ,പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.