കാസര്‍കോട് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളകുപൊടി പുരട്ടി മര്‍ദ്ദിച്ചു
കാസര്‍കോട്: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അയല്‍വാസിയായ യുവാവ് മുഖത്ത് മുളകുപൊടി പുരട്ടി മര്‍ദ്ദിച്ചുവെന്ന് പരാതി. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം നടന്നത്. ദളിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അയല്‍വാസി ഉമേഷിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. അയല്‍ക്കാരിയുടെ വീട്ടില്‍ കയറി അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് ഇയാള്‍ കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഡിസംബര്‍ മുതല്‍ അടി വസ്ത്രങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതാണെന്നും വിദ്യാര്‍ത്ഥി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ചിത്രങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ താന്‍ പാഷന്‍ ഫ്രൂട്ട് പറിക്കാനായി വീട്ടില്‍ പോയതാണെന്നാണ് കുട്ടി പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് പാഷന്‍ ഫ്രൂട്ട് നോക്കിയിട്ടു വരാം എന്നു പറഞ്ഞാണ് കുട്ടി അയല്‍ വീട്ടിലേക്കു പോയതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. അല്പ സമയം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് താന്‍ ഓടിച്ചെന്നു. അവിടെയെത്തിയപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ ബ്രാ ചുറ്റിക്കെട്ടി ഉമേഷ് അവനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടി മുളകുപൊടിയില്‍ കുളിച്ചു നില്‍ക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. കുട്ടി പാഷന്‍ ഫ്രൂട്ട് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് തന്നെ കാണിച്ച വീഡിയോയില്‍ താനൊന്നും കണ്ടില്ലെന്നും അവര്‍ പറഞ്ഞു. പാഷന്‍ ഫ്രൂട്ട് ചെടിയുടെ അടുത്തായി മകന്‍ നില്‍ക്കുന്നതു മാത്രമാണ് വീഡിയോയിലുള്ളത്. കുട്ടി പാഷന്‍ ഫ്രൂട്ട് പറിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മര്‍ദനത്തില്‍ പരുക്കേറ്റ പ്ലസ് വണ്ണുകാരനെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ മര്‍ദ്ദിച്ച ഉമേഷിനെതിരെ എസ്സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.