KeralaNationalNewsPolitics

നേതൃതലത്തിൽ പ്രായപരിധി ഏർപ്പെടുത്തും, കോൺഗ്രസ് സഖ്യത്തിന് തയ്യാർ; റഷ്യക്കും നാറ്റോക്കുമെതിരെ ഡി രാജ

ദില്ലി: വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നേതൃതലത്തിൽ പ്രായപരിധി ഏർപ്പെടുത്തുമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസുമായി സഖ്യത്തിന് വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പ്രാദേശിക തലത്തിൽ നിലവിൽ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ നെഞ്ചിടിപ്പേറ്റിയ യുദ്ധത്തിന് കാരണക്കാർ നാറ്റോയാണെന്നും റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രൈനടക്കം യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസുമായി പ്രാദേശികതലത്തിൽ നിലവിൽ സഹകരണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ സഖ്യത്തിന് വാതിലുകൾ തുറന്നു കിടക്കുകയാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗൗരവമായി വിലയിരുത്തണം. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെട്ട വിശാല മതേതര കൂട്ടായ്മ  ആവശ്യമാണ്. പി എഫ് പലിശ നിരക്ക് കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ 24ാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുമെന്ന് ഡി രാജ പറഞ്ഞു. എല്ലാ ഘടകങ്ങളിലും പ്രായപരിധി എർപ്പെടുത്തും. ദേശീയ കൗൺസിലിൽ 75 വയസ് പരമാവധി പ്രായം മാനദണ്ഡമാക്കും. പാർട്ടി കമ്മിറ്റികളിൽ 15 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരും. ബ്രാഞ്ച് സെക്രട്ടറിയുടെ പ്രായപരിധി 45 വയസ്സാക്കും. ജില്ലാ സെക്രട്ടറിമാർക്ക് പരമാവധി 60 വയസ്സ് പ്രായപരിധിയാക്കാനും തീരുമാനമുണ്ട്.

യുക്രൈനെതിരെ യുദ്ധം ചെയ്യുന്ന റഷ്യയുടെ നടപടി തെറ്റാണെന്ന് സിപിഐ വിലയിരുത്തി.  റഷ്യയും യുക്രൈനും യുദ്ധം അവസാനിപ്പിക്കണം. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിന്റെ ഇരകൾ. നാറ്റോയും യുദ്ധത്തിന്റെ കാരണക്കാരാണ്. നാറ്റോ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിച്ച നടപടി യുദ്ധത്തിലേക്ക് നയിച്ചുവെന്നും ഡി രാജ പറഞ്ഞു.

സിൽവർ ലൈൻ വിഷയം ബുള്ളറ്റ് ട്രെയിനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ഡി രാജ പറഞ്ഞു. കേരളത്തിലെ സിപിഐ ചർച്ച ചെയ്ത് നിലപാട് ദേശീയ നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker