ഡി.കെ.ശിവകുമാർ രാഹുലിന്റെ പിൻഗാമി ?മുറവിളിയുമായി നേതാക്കളും പ്രവർത്തകരും
ബംഗളൂരു: 5000 കോടി രൂപ തന്നാൽ ബി.ജെ.പിയിലേക്ക് വരുമോ എന്ന അമിത് ഷായുടെ ചോദ്യത്തിന് 6000 കോടി തന്നാൽ എന്റെ ബൂട്ട് കൊടുത്തു വിടാം എന്ന് മറുപടി നൽകിയതായി വെളിപ്പെടുത്തിയ ഒരു നേതാവുണ്ട് കർണാടകത്തിൽ ഡി.കെ.ശിവകുമാർ.രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ മുന്നിൽ മറ്റാർക്കുമില്ലാത്ത വീരപരിവേഷമാണ് ഡി. കെയ്ക്കുള്ളത്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താൻ ബി.ജെ.പി ആഞ്ഞു ശ്രമിയ്ക്കുമ്പോൾ മുന്നിൽ നിന്നു പട നയിച്ച് പ്രതിരോധിയ്ക്കുന്നത് ഡി.കെ.യാണ്.
വിമത എം.എല്‍.എമാരെ നേരില്‍ കണ്ട് പാർട്ടി യിലേക്ക് മടക്കിയെത്തിയ്ക്കാൻ മുംബൈയ്ക്ക് വിമാനം കയറിയതും അറസ്റ്റ് ചെയ്യപ്പെടേണ്ടി വന്നതൊക്കെ രാജ്യത്തൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിൽ വീരപരിവേഷമാണ് ശിവകുമാറിന് സമ്മാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശിവകുമാറിനെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനാക്കണമെന്ന പ്രചരണം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.
കർണാടക രാഷ്ട്രീയത്തിൽ മുടി ചൂടാ മന്നനാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ അത്ര തലയെടുപ്പുള്ള പേരായിരുന്നില്ല ശിവകുമാറിന്റേത്. എന്നാല്‍ ഇത്തവണത്തെ രക്ഷാപ്രവര്‍ത്തനം രാജ്യമൊട്ടാകെയുള്ള പാർട്ടി പ്രവർത്തകർക്കിടയിൽ ശിവകുമാറിനെ പ്രിയങ്കരനാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഉത്തരേന്ത്യയിൽ നിന്നടക്കം പാർട്ടിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി ശിവകുമാര്‍ വരണമെന്ന മുറവിളികൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയ ചാണക്യനായ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായോടാണ് ശിവകുമാറിനെ താരതമ്യം ചെയ്യുന്നത്. അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ക്കാന്‍ ഡി.കെയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പല സോഷ്യൽ മീഡിയപോസ്റ്റുകളിലും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
താഴത്തെട്ടിലെ ജനങ്ങള്‍ക്കിടയില്‍ പിന്തുണയുള്ള, എന്തും നേടിയെടുക്കുന്ന നേതാവ് എന്നാണ് പോസ്റ്ററില്‍ ഡി.കെ ശിവകുമാറിനെ വിശേഷിപ്പിക്കുന്നത്. വിമത എം.എല്‍.എമാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ഡി.കെ ശിവകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പോസ്റ്ററില്‍ എണ്ണിപറയുന്നു.
‘സ്പീക്കറുടെ ചേംബറിലെത്തി 11 വിമത എം.എല്‍.എമാരെ കണ്ടെത്തി നാല് എം.എല്‍.എമാരെ തിരികെ കൊണ്ട് വന്നതാര്. ഒരേയൊരു ഡി.കെ ശിവകുമാര്‍. എം.എല്‍.എമാരുടെ രാജി തടയുന്നതിന് വേണ്ടി രാജിക്കത്ത് കീറിക്കളഞ്ഞതാര്, ഒരേയൊരു ഡി.കെ ശിവകുമാര്‍’ പോസ്റ്ററില്‍ പറയുന്നു
ഡി.കെ ധൈര്യവാനാണ്. അധികാകരമില്ലാതിട്ടും അത്രയും ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹം കോണ്‍ഗ്രസിന്റെ അടുത്ത ദേശീയ അദ്ധ്യക്ഷനാവണമെന്ന് ആഗ്രഹിക്കുന്നു. മോദിയെയും 40 കള്ളന്‍മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കര്‍ അയ്യർ ട്വിറ്ററിൽ കുറിച്ചു.