KeralaNews

’24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും’; നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. 24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് ഇവർ വാർത്ത നൽകി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്. വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്. കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. തോൽക്കാൻ ബിജെപി സ്ഥാനാര്‍ത്ഥികളെ കൊണ്ടുനിർത്തുമോ. അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തി. തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി. പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് വെളിപ്പെടുത്തിയ നന്ദകുമാർ ഇക്കാര്യം ജയരാജന് നിഷേധിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. ദീപ്തി മേരി വർ​ഗീസിനെയും തന്റെ സാന്നിദ്ധ്യത്തിൽ ഇ പി ജയരാജൻ കണ്ടിരുന്നു എന്നും നന്ദകുമാർ വെളിപ്പെടുത്തി. 

എല്‍ഡിഎഫ് കണ്‍വീനറായ ഇ പി ജയരാജന്‍റെ നിര്‍ദേശപ്രകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് മൂന്ന് തവണ പത്മജയുമായി എല്‍ഡിഎഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയിലേക്ക് ചേരുന്നതിന് മുമ്പ് തനിക്ക് എല്‍ഡിഎഫില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുള്ളതായി പത്മജ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടർന്നാണ് അന്ന് എല്‍ഡിഎഫിന് വേണ്ടി പത്മജയ്ക്ക് ഇടനിലക്കാരൻ ആയി നിന്നു എന്ന് അവകാശപ്പെടുന്ന നന്ദകുമാർ‌ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. 

പ്രതീക്ഷിച്ച സൂപ്പർ പദവി കിട്ടാത്തത് കൊണ്ടാണ് പത്മജ വേണുഗോപാലിന്‍റെ എല്‍ഡിഎഫ് പ്രവേശം മുടങ്ങിയത് എന്നാണ് ടി ജി നന്ദകുമാര്‍ പറയുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പത്മജ വേണുഗോപാല്‍ ദുബായിലായിരുന്നു, അങ്ങനെ ഇപി ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞു.

ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യക്കെതിരായി വന്ന വീഡിയോ കമന്‍റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു. പത്രങ്ങളിലും ഇതിന്‍റെ വാര്‍ത്ത വന്നിരുന്നു, എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പത്മജ വേണുഗോപാലിനെ പരിഗണിക്കാനുള്ള മാര്‍ഗങ്ങള്‍ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ ആ പൊസിഷൻ അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പര്‍ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്. വനിതാ കമ്മീഷൻ പോലൊരു പൊസിഷൻ പോര എന്നവര്‍ക്ക് തോന്നിക്കാണും. അവര്‍ ആവശ്യപ്പെട്ടതല്ല, പ്രതീക്ഷിച്ചത് കിട്ടാതെ പോയതാണ് കാര്യമെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button