കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ ദേഹത്ത് അണുനാശിനി തളിച്ചു. തുടര്‍ന്ന് ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ അഞ്ചിനു രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന -സുരേഷിന്റെയും പ്ലിന്റുവിന്റെയും മകന്‍ ക്രിസ്വാന്റെ ശരീരത്തിലാണ് അണുനാശിനി തളിച്ചത്.
അണുനാശിനിപ്രയോഗം ചോദ്യം ചെയ്ത കുട്ടിയുടെ അച്ഛനെ അണുനാശിനി തളിച്ചയാള്‍ ആക്രമിച്ചതായും പരാതിയുണ്ട്. അടുത്ത ദിവസം കുട്ടിക്ക് ദേഹമാകെ ചൊറിച്ചിലും തടിപ്പും ത്വക്കിന് നിറം മാറ്റവും ഉണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏതാനും ദിവസം മുമ്പ് കൊവിഡ് രോഗി വസ്ത്രങ്ങള്‍ എടുക്കാനായി ഫ്‌ളാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെ അണുനശീകരണം നടത്തിയതെന്നാണ് പറയുന്നത്. എന്നാല്‍, ഇവിടുത്തെ തന്നെ താമസക്കാരനായ ഇയാളെ അണുനശീകരണത്തിന് നിയോഗിച്ച കാര്യം ആര്‍ക്കും അറിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചു.