മുംബൈ:: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്കായി 2022 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ ഒന്ന് മുതൽ അതായത് നാളെ മുതൽ ഇവ പ്രാബല്യത്തിൽ വരും. ക്രെഡിറ്റ് കാർഡ് റദ്ദാക്കൽ, ബില്ലിംഗ് മുതലായവയും ഈ പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നുണ്ട്. തീർച്ചയായും അറിഞ്ഞിരിക്കേണ്ട ക്രെഡിറ്റ് കാർഡിന്റെ മൂന്ന് പുതിയ നിയമങ്ങൾ ഇവയാണ്;
1) ഉപഭോക്താവിന്റെ സമ്മതമില്ലാതെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യരുത്
ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ, കാർഡ് ഇഷ്യൂ ചെയ്യുന്നവർ കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഒറ്റ തവണ പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സമ്മതം തേടണം. ഉപഭോക്താവിന്റെ ഭാഗത്ത് നിന്നും പ്രതികരണമില്ലെങ്കിൽ/ സമ്മതമല്ലെങ്കിൽ തുടർന്നുള്ള ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന് യാതൊരു ചെലവും കൂടാതെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്.
2) ക്രെഡിറ്റ് പരിധി
കാർഡ് ഉടമയിൽ നിന്ന് വ്യക്തമായ സമ്മതം തേടാതെ, ബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനം അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് കാർഡിന്റെ പരിധി ലംഘിക്കപ്പെടുന്നില്ല എന്ന് കാർഡ് നൽകുന്നവർ ഉറപ്പാക്കണം.
3) ക്രെഡിറ്റ് കാർഡ് പലിശ നിരക്ക്
ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നവർ ഉപഭോക്താക്കളിൽ നിന്നും അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. അതായത് ക്രെഡിറ്റ് കാർഡിൽ അടയ്ക്കാനുള്ള പണത്തിന്റെ മുകളിൽ വീണ്ടും ഒരു പലിശ ഈടാക്കാൻ അനുവാദമില്ല. അനുവദിച്ച തുകയ്ക്ക് മുകളിൽ മാത്രം പലിശ ഈടാക്കണം. അതായത് കുടിശിക കൂടുന്നതിന് അനുസരിച്ച് പലിശ കൂട്ടരുത്.