തിരുവനന്തപുരം: പരീക്ഷയ്ക്ക് വളരെ രസകരവും നിഷ്‌കളങ്കവുമായ ഉത്തരങ്ങളെഴുതിയ കൊച്ചുകുട്ടികളുടെ ഉത്തരക്കടലാസുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അധ്യാപിക പങ്കുവച്ച അത്തരമൊരു ഉത്തരക്കടലാസാണ് ഫേസ്ബുക്കിലെ താരം.
രണ്ടാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് അധ്യാപിക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും ചുറ്റുപാടും നിരീക്ഷിച്ച് പട്ടികപ്പെടുത്താനായിരുന്നു ചോദ്യം. ഇതിന് താഴെ് പ്രസവിക്കുന്നവരുടെ പട്ടികയില്‍ ആനയ്ക്കും പൂച്ചക്കും പട്ടിക്കും പശുവിനുമൊപ്പം തങ്ങളുടെ അധ്യാപികയുടെ പേരും കുട്ടി എഴുതിവച്ചത്.
തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എല്‍പിഎസിലെ അധ്യാപികയായ ജി എസ് സുനിതയാണ് ഉത്തരക്കടലാസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ചുറ്റുപാടും നിരീക്ഷിച്ച് എഴുതാന്‍ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും’ – ഉത്തരക്കടലാസിനൊപ്പം അധ്യാപിക കുറിച്ചു.
ഒരാളല്ല, രണ്ടുകുട്ടികളാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തില്‍ ഉത്തരക്കടലാസില്‍ എഴുതിയത്.