മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി; ആലപ്പുഴയില്‍ സി.പി.എം നേതാവിന് സസ്പെന്‍ഷന്‍
ആലപ്പുഴ: മകന്റെ വിവാഹ പാര്‍ട്ടി കൊഴുപ്പിക്കാന്‍ ഡി.ജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. വിവാഹ ചടങ്ങില്‍ മനോഹരന്‍ ഡിജെ പാര്‍ട്ടി നടത്തിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഡിജെ പാര്‍ട്ടിക്കിടെ ചിലര്‍ തമ്മില്‍തല്ല്ഉണ്ടാക്കിയെന്നുംആക്ഷേപമുണ്ട്.
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സല്‍ക്കാരം ആഡംബരമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നേതാവിനെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനോഹരനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു .
വിവാഹ സല്‍ക്കാരത്തിലുണ്ടായ തമ്മിലടിയെ തുടര്‍ന്ന് മേഖലയിലെ ചില വീടുകള്‍, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിക്ക് പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. അതേസമയം, താനല്ല മകനാണ് സല്‍ക്കാരം ഒരുക്കിയതെന്ന മനോഹരന്റെ വിശദീകരണത്തെ നേതൃത്വം മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല.