കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ സിപിഎം നേതാവ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അക്ബറലിയാണ് കോൺഗ്രസിൽ ചേർന്നത്. വ്യായാമ കൂട്ടായ്മയായ മെക് 7നെതിരായ പരാമർശമടക്കം സിപിഎമ്മിന്‍റെ ന്യൂന പക്ഷങ്ങളെ സംശയമുനയിൽ നിർത്തുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി വ്യക്തമാക്കി. സിപിഎമ്മിൽ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
പദവികൾ മോഹിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും, മെക് സെവൻ വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അകബറലി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുടുതൽ കോൺഗ്രസിലേക്ക് എത്തുമെന്നാണ് കോഴിക്കോട് ഡിസിസി നേതാക്കൾ അവകാശപ്പെടുന്നത്. മെക് 7 വ്യായാമ കൂട്ടായ്മയിൽ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ ആരോപണം വലിയ വിവാദമായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം ബിജെപിയും സമസ്തയിലെ ഒരു വിഭാഗവും വിവിധ മതസംഘടനകളും ഏറ്റെടുത്തതോടെ വലിയ വിവാദമായി. ഇതിന് പിന്നാലെ വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം സിപിഎം നേതാവ് പി മോഹനൻ പിൻവലിച്ചു. അപൂർവം ചിലയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞു കയറുന്നുവെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു മോഹനന്‍റെ വിശദീകരണം.