NationalNewsPolitics

ബംഗാളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന് സിപിഎം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന്റെ (Bengal CPM) സംസ്ഥാന സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ മുഹമ്മദ് സലീമിനെ (Mohammed Salim) തെരഞ്ഞെടുത്തു. മുസഫര്‍ അഹമ്മദിന് ശേഷം പാര്‍ട്ടി ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ ന്യൂനപക്ഷ നേതാവാണ് മുഹമ്മദ് സലിം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിന് മുമ്പ് 1951ലാണ് മുസഫര്‍ അഹമ്മദ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. സിപിഎമ്മിന്റെ ആദ്യത്തെ ന്യൂനപക്ഷ സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് സലിം. സെക്രട്ടറി സ്ഥാനത്തേക്ക് പുതുമുഖത്തെ പരിഗണിച്ചതാണ് സലീമിന് നറുക്ക് വീഴാന്‍ കാരണം. സൂര്യകാന്ത മിശ്രക്ക് ശേഷം സ്ഥാനത്തെത്താന്‍ മൂന്ന് നേതാക്കള്‍ രംഗത്തുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു. ശ്രീതിബ് ഭട്ടാചാര്യ, സുജന്‍ ചക്രബൊര്‍ത്തി എന്നിവരെ പിന്തള്ളിയാണ് സലീം സെക്രട്ടറിയായത്.

ബ്രാഹ്മിണ്‍ മുഖത്തേക്കാള്‍ സംസ്ഥാനത്ത് ന്യൂനപക്ഷമുഖമായിരിക്കും നല്ലതെന്ന പൊളിറ്റ് ബ്യൂറോയുടെ നിഗമനമാണ് സലിമിന് ഗുണം ചെയ്തത്. ബംഗാളില്‍ വലിയ മാറ്റത്തിനാണ് സിപിഎം തുടക്കമിടുന്നതെന്ന സൂചന നല്‍കി 79 അംഗ സംസ്ഥാന കമ്മിറ്റിയില്‍ നിരവധി പുതുമുഖങ്ങള്‍ ഇടംപിടിച്ചു. 14 സ്ത്രീകളും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. മുതിര്‍ന്ന നേതാക്കളായ സുര്യാകാന്ത മിശ്ര, രബിന്‍ ദേവ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. വെള്ളിയാഴ്ചയാണ് സംസ്ഥാന സമ്മേളനം അവസാനിക്കുക. കടുത്ത വിമര്‍ശനമാണ് ജില്ലാ കമ്മിറ്റികള്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും ജനങ്ങളെ സംഘടിപ്പിച്ച് വലിയ സമരപരിപാടികള്‍ നടത്തിയില്ലെന്നും കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകള്‍ നടത്താതെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യമായതിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചു. സഖ്യത്തിനായി പ്രവര്‍ത്തിച്ച സലിമിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനമുണ്ടായത്. ”അടിയന്തരാവസ്ഥയിലാണ് ഞാന്‍ സി.പി.എം അംഗമായത്. ഇപ്പോഴും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നു.  പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇവിടെ ജനാധിപത്യമില്ല. സംസ്ഥാനത്തും രാജ്യത്തും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന പ്രമേയം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുക- പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സലിം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തില്‍ 16 ഇന പരിപാടികള്‍ അംഗീകരിച്ചു. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ലിംഗഭേദമില്ലാതെ പ്രായമായവരും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. കൊവിഡ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയെ വെല്ലുവിളിച്ച് ഞങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്തുണ്ട്. തടസ്സങ്ങള്‍ മറികടന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. കൊവിഡിനെതിരെ പോരാടുന്നതിന് പകരം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സലിം പറഞ്ഞു.

അതേസമയം. നേതൃത്വത്തില്‍ യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് കൂടുതല്‍ യുവ നേതാക്കളെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത് പ്രായോഗികമാക്കിയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രീജന്‍ ഭട്ടാചാര്യ പറഞ്ഞു. 23 ജില്ലകളില്‍ നിന്ന് 3 വിദ്യാര്‍ത്ഥി നേതാക്കളെ മാത്രമാണ് സംസ്ഥാന സമ്മേളനത്തിന് പ്രതിനിധികളായി തെരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത 50 ശതമാനത്തിലധികം പ്രതിനിധികളും അറുപതിനു മുകളില്‍ പ്രായമുള്ളവരായിരുന്നുവെന്നത് വാസ്തവമാണെന്ന് മറ്റൊരു നേതാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker