ജാതി അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
തിരുവനന്തപുരം: ജാതി അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നതിനെതിരെ സി.പി.ഐ.എം തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്‍ എസ് എസ് നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം എന്‍ എസ് എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കന്മാരും വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകരും വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ നായര്‍ സമുദായ അംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് മോഹന്‍കുമാര്‍ നായര്‍ ആയതിനാല്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ദൃശ്യ ശ്രവ്യ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ബന്ധപ്പെട്ടവരുടെ പേരില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ എം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം സെക്രട്ടറി കെ. സി.വിക്രമനാണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുഖ്യ വരണാധികാരിയ്ക്കും പരാതി നല്‍കിയിരിക്കുന്നത്.