തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന സമിതിയില്‍ നടന്നത്.
സിപിഎമ്മില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന് വലിയൊരളവും കാരണമായത് ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലാപാടാണെന്ന് ഭൂരിപക്ഷം പേരും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി മല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കില്ലെന്ന് തന്നെയാണ് വ്യക്തമാക്കിയത്.
പക്ഷെ പിന്നീട് ഇതിന് വിരുദ്ധമായ രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്ന ധാരണ ജനങ്ങളില്‍ വന്നു. സര്‍ക്കാര്‍ മുന്‍കൈയില്‍ നടന്ന വനിതാ മതിലിന് പിന്നാലെ ആക്ടിവിസ്റ്റുകള്‍ മല ചവിട്ടിയപ്പോല്‍ അത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പക്ഷെ ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ നിലപാട് മാറ്റാനാവില്ലെന്നും വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്ന രീതിയില്‍ യുവതീ പ്രവേശനത്തിന് പാര്‍ട്ടി മുന്‍ കൈ എടുക്കേണ്ടതില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.
പുതിയ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. അതിനായി പ്രവര്‍ത്തകര്‍ ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്നതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ലോക്‌സഭാതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സിപിഎം സംഘടനാ രേഖയ്ക്ക് ഇന്ന് അന്തിമരൂപമാകും.