ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ തള്ളി സി.പി.ഐ.എം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഐഎം. ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ചില സംഘടനകള്‍ മാത്രം ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയില്‍പ്പെടുന്നതിന് സമമാണ്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റെപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സിപിഎം പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
ഏറ്റവും വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്തു കൊണ്ടു മാത്രമേ ഈ അപകടത്തെ നേരിടാനാകൂ. അഖിലേന്ത്യാ തലത്തില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഡിസംബര്‍ 19-ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സിപിഎം അറിയിച്ചു.