25 C
Kottayam
Friday, May 10, 2024

സി.പി.ഐ.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച മാറ്റി

Must read

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ഇന്ന് നടത്താനിരുന്ന സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച മാറ്റി. കോടിയേരിയുടെ അസൗകര്യത്തെ തുടര്‍ന്ന് നാളെ രാവിലത്തേക്കാണ് ചര്‍ച്ച മാറ്റിയത്. കേരളാ കോണ്‍ഗ്രസ് എം സഹകരിക്കാമെന്നു പറയുമ്പോള്‍ എന്തിനു വേണ്ടെന്ന് പറയണമെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അതിനിടെ രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന സൂചന നല്‍കി ജോസ് കെ മാണി രംഗത്തെത്തി.

വൈകിട്ട് നാലിനായിരുന്നു സിപിഐഎമ്മും സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ അസൗകര്യം പരിഗണിച്ചാണ് ചര്‍ച്ച നാളത്തേക്ക് മാറ്റിയത്. കോടിയേരി-കാനം കൂടിക്കാഴ്ചയിലായിരിക്കും എല്‍ഡിഎഫ് യോഗം എന്നാണെന്ന തീരുമാനം ഉണ്ടാകുക. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയും ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനകാര്യത്തില്‍ അഭിപ്രായം രൂപീകരിച്ച ശേഷമായിരിക്കും എല്‍ഡിഎഫ് യോഗം.

ഇതിനിടെ മറ്റുഘടകക്ഷികളും നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സീറ്റുകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം. ഇതിനിടെയാണ് രാജ്യസഭാ സീറ്റിന് പാര്‍ട്ടി അര്‍ഹരാണെന്ന വാദവുമായി ജോസ് കെ മാണി രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.

എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ ജനസ്വാധീനമുണ്ടെന്നും കേരളാ കോണ്‍ഗ്രസിന്റെ കാര്യം എല്‍ഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഉചിതമായ തീരുമാനം എടുക്കുമെന്നും കാനം. ജോസ് വിഭാഗത്തിന്റെ കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. നിയമസഭാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും കാനം പറഞ്ഞു.

നിലവില്‍ കാഞ്ഞിരപ്പള്ളി, പാല സീറ്റുകളുടെ കാര്യത്തിലാണ് ഇടത് മുന്നണിയില്‍ അവ്യക്തത നിലനില്‍ക്കുന്നത്. കാഞ്ഞിരപ്പള്ളി വിട്ടുതരാനാകില്ലെന്ന നിലപാടിലാണ് സിപിഐ. പാലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് എന്‍സിപിയും ആവര്‍ത്തിക്കുന്നു. ഇരുകൂട്ടരേയും ചര്‍ച്ചയിലൂടെ അനുനയിപ്പിക്കാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week