ഞാനും കുടുംബവും പാര്‍ട്ടിയ്‌ക്കെതിരെ മത്സരിയ്ക്കില്ല,ബി.ജെ.പിയുമായി കൂട്ടുകൂടില്ല,പാറഖനനത്തിനായി സംരംഭകന്‍ സി.പി.എമ്മിന് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ
പാലക്കാട്: സ്വന്തം പാറമടയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സംരംഭകന്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന് എഴുതികൊടുത്ത കത്ത് പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല എന്നും ആര്‍.എസ്.എസും ബി.ജെ.പിയുമായും സൗഹ്യദം സ്ഥാപിയ്ക്കില്ല എന്നും രേഖാമൂലം ഉറപ്പു വാങ്ങിയ ശേഷമാണ് ഖനനത്തില്‍ വിട്ടു വീഴ്ച ചെയ്തത്.
പാലക്കാട് ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലീം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറുയുമായ പി.എ ഷൗക്കത്തലിയില്‍ നിന്നാണ് വിചിത്രമായ ഉറപ്പുകള്‍ എഴുതി വാങ്ങിയത്.കഴിഞ്ഞ ജൂലൈ 26 നാണ് സി.പി.എം ലോക്കല്‍ കമ്മിറ്റിയ്ക്ക് ഉറപ്പുകള്‍ എഴുതി നല്‍കിയത്.100 രൂപയുടെ പത്രത്തിലും പിന്നീട് വെള്ളക്കടലാസിലുമായി 6 ഉറപ്പുകളാണ് എഴുതി നല്‍കിയത്.
വ്യവസ്ഥകള്‍ ഇവയാണ്
തെക്കുംചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബവും ഒരിക്കലും പാര്‍ട്ടിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല
പ്രദേശവാസികള്‍ക്ക് നഷ്ടമോ അപകടമോ സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി
ബി.ജെ.പി,ആര്‍.എസ്.എസ് എന്നവരുമായി രാഷ്ട്രീയ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതല്ല
ക്വാറിയില്‍ നിന്ന് ദിവസവും പത്തു ലോഡ് കല്ലുവീതം സി.ഐ.ടിയു യൂണിറ്റിന് നല്‍കും(ലോഡിംഗിനായി)
സി.പി.എം ഭരിയ്ക്കുന്ന പഞ്ചായത്ത് ഭരണ സമിതിയ്ക്ക് സഹായങ്ങള്‍ ചെയ്യും.
ക്വാറി കാരണം റോഡിന് കേടുപറ്റിയാല്‍ അറ്റകുറ്റപ്പണിയ്ക്ക് സഹായിയ്ക്കും.