KeralaNewsPolitics

കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകള്‍ രഹസ്യമൊഴിയായി അന്തരീക്ഷത്തിൽ,സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് സിപിഎം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് സിപിഎം. കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണെന്നും കഴമ്പില്ലെന്ന്‌ കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിത്. ബിജെപി രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്താനാണ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി.

രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ്‌ പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ്‌ ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.

 മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം സ്വപ്‌ന സുരേഷ്‌ ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്‌. രഹസ്യമൊഴി എന്ന്‌ പറഞ്ഞ്‌ നേരത്തെ പല ഏജന്‍സികളും പരിശോധിച്ച്‌ കഴമ്പില്ലെന്ന്‌ കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.

രഹസ്യ മൊഴി നല്‍കുകയും അത് ഉടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത്‌ വ്യക്തമാക്കുന്നത്‌ ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്‌.  മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ നേരെ പോലും ഉയർത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനകൾ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. 

ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ്‌ ഇപ്പോള്‍ ചിലര്‍ കരുതുന്നത്‌. ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച്‌ വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച്‌ തള്ളുക തന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയന്‍,  ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker