23.7 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്; കണക്ക് പൂര്‍ണ്ണമല്ല

Must read

തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു. ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയത്.

ഇന്ന് രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്.

375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതില്‍ ഉറവിടം അറിയാത്ത 29 പേര്‍. വിദേശത്ത് നിന്ന് 31 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ല തിരിച്ചുള്ള കണക്കുകള്‍: തൃശ്ശൂര്‍ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂര്‍ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസര്‍കോട് 28, കൊല്ലം 22, ഇടുക്കി ആറ്, പാലക്കാട് നാല്, വയനാട് മൂന്ന്.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49, ഇടുക്കി 31, എറണാകുളം 69, തൃശൂര്‍ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, കാസര്‍കോട് നാല്. 24 മണിക്കൂറിനിടെ 21533 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

നാളെ ബലിപെരുന്നാളാണ്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. ഈ മഹത്തായ സന്ദേശം ജീവിതത്തില്‍ പുതുക്കുന്നതിന് അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നത്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്‌കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നു.

കൊവിഡിനൊപ്പം ആറ് മാസത്തെ സഞ്ചാരം

കൊവിഡിനൊപ്പം കേരളത്തിന്റെ സഞ്ചാരം ആറ് മാസമായി. സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാന്‍ ശ്രമിക്കുന്നത്. ജനം കാട്ടുന്ന ജാഗ്രതയും പിന്തുണയും പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജമായി.

സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. നാള്‍വഴി പരിശോധിച്ചാല്‍ ഉത്തരമുണ്ടാകും. ജനുവരി 30-നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതല്‍ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ട് പോയി.

ജനുവരി 30, ഫെബ്രുവരി 2, നാല് തീയതികളിലായി മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ മാത്രമായി ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചു. മാര്‍ച്ച് എട്ടിന് വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് രോഗം. ഇതോടെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 24-ന് കേരളത്തില്‍ 105 രോഗികളാണ് ഉണ്ടായിരുന്നത്. മെയ് മൂന്നിന് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാം ഘട്ടം പിന്നിട്ടപ്പോള്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 165 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയത്.

അണ്‍ലോക്ക് ആരംഭിച്ചതോടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. അതിര്‍ത്തി കടന്നും വിമാനത്തിലൂടെയും കേരളത്തിലേക്ക് ആളുകള്‍ വന്നു. 682699 പേര്‍ ഇതുവരെ വന്നു. 419943 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരായിരുന്നു. 262756 പേര്‍ വിദേശത്ത് നിന്നും വന്നവര്‍.

ഇന്നലെ വരെ 21298 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരായവരില്‍ 9099 പേര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം ഘട്ടത്തില്‍ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ച് നില്‍ക്കുന്നത്.

മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല. നാം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചത്. ആരോഗ്യമേഖലയില്‍ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ നിയമിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടര്‍മാര്‍ക്ക് താത്കാലിക നിയമനം നല്‍കി. 6700 താത്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. കൊവിഡ് രോഗികള്‍ക്ക് മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാര്‍ഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്റെ കരുത്ത്.

ഒരാള്‍ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും കരുതലിന് പുറത്താകരുത് – ലോക്ക്ഡൗണിലും അണ്‍ലോക്കിലും സര്‍ക്കാര്‍ നിലപാട് ഇത് തന്നെയായിരുന്നു. ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി. ക്ഷേമപെന്‍ഷന്‍ കിട്ടാത്ത 15 ലക്ഷം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കി. വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം നല്‍കി. കുടുംബശ്രീ വഴി 2000 കോടി രൂപ വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. 184474 പേര്‍ക്കായി 1742.32 കോടി രൂപ വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ധാന്യം വിതരണം ചെയ്തു. ഫലവ്യഞ്ജന കിറ്റ് സൗജന്യമായി നല്‍കി. അങ്കണ്‍വാടികളില്‍ നിന്ന് കുട്ടികള്‍ക്ക് പോഷകാഹാരം വീടുകളില്‍ എത്തിച്ചു. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി.

ഇങ്ങിനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ കേരളം നടത്തി. കൊവിഡിനൊപ്പം ഇനിയും നാം സഞ്ചരിക്കേണ്ടി വരും. അതിന് സജ്ജമാവുകയാണ് പ്രധാനം.

ജില്ല തിരിച്ചുള്ള വിവരങ്ങള്‍

രോഗവ്യാപനം കൂടിയ തിരുവനന്തപുരത്ത് പ്രതിരോധത്തിനായി ശക്തമായ നടപടി ഒരുക്കി. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കയൊരുക്കി. 1512 പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നു. 888 കിടക്കകള്‍ ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ പൂര്‍ണ്ണ കൊവിഡ് ആശുപത്രിയാക്കും, അടുത്ത ഘട്ടത്തില്‍. ഇവിടെ ചികിത്സയിലുള്ള രോഗികളെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ ക്രമീകരണം ഏര്‍പ്പെടുത്തി.

769 കിടക്കകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കയും ഉണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കാം.

കൊല്ലത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലത്ത് കശുവണ്ടി ഫാക്ടറികള്‍ തുറക്കും.

പത്തനംതിട്ടയില്‍ പൊലീസിന്റെ എആര്‍ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാര്‍ക്കും ക്യാംപ് സന്ദര്‍ശിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചു. എറണാകുളത്ത് ദുരിതാശ്വാസ ക്യാംപ് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്നു. നിരീക്ഷണത്തിലുള്ളവരെ പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നു.

മലപ്പുറത്ത് കൊണ്ടോട്ടിയില്‍ 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രികളടക്കം അഞ്ച് കേന്ദ്രങ്ങളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കും. ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കരുതല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചു.

വയനാട്ടിലെ പെരിയ,. പാല്‍ച്ചുരം,കുറ്റ്യാടി ചുരങ്ങളില്‍ ചരക്ക്- മെഡിക്കല്‍ ഗതാഗതം മാത്രമേ അനുവദിക്കൂ. എവിടെയും 20-ല്‍ കൂടുതല്‍ പേര്‍ വിവാഹത്തില്‍ പങ്കെടുക്കരുത്. വിവാഹ ചടങ്ങ് മൂന്ന് മണിക്കൂറില്‍ കൂടരുത്.

ലക്ഷണമില്ലാത്ത രോഗബാധിതര്‍ക്ക് വീട്ടില്‍ പരിചരണം

ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കും. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണം ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ ഇവരെ കിടത്തുന്നത്. വീട്ടില്‍ കിടത്തിയാല്‍ പ്രശ്‌നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കും.

ത്രിതല മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തി. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവര്‍ നിശ്ചിത ദിവസം രോഗികളെ സന്ദര്‍ശിക്കും. ആരോഗ്യനിലയില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ആശുപത്രിയിലെത്തിക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്നവര്‍ പലരും വീട്ടില്‍ പൊയ്‌ക്കോളാം, രോഗലക്ഷണം ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുന്നത്.

എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താത്പര്യമുള്ളവര്‍ സത്യവാങ്മൂലം നല്‍കണം. ഹോം ക്വാറന്റീന്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയില്‍ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രത്തില്‍ കഴിയാം. ബഹുഭൂരിപക്ഷത്തിനും വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ട്. വളരെ കുറച്ച് പേരാണ് കൊവിഡ് പ്രോട്ടോക്കോള്‍ ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിച്ചത്.

ഹോം ക്വാറന്റീന്‍ നടപ്പിലാക്കിയപ്പോഴും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചു. മിറ്റിഗേഷന്‍ രീതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റീന്‍ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുന്നുവെന്ന പ്രതിപക്ഷത്തിന്റെ പരിഹാസം ജനം പരിശോധിക്കട്ടെ.

സംസ്ഥാനത്ത് 176 സ്ഥാപനങ്ങളിലായി 25536 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആശങ്കപ്പെടേണ്ട. കൊവിഡ് പ്രതിരോധത്തിന് വിജിലന്‍സ് അടക്കം എല്ലാ പൊലീസ് സംവിധാനത്തിലെയും ഉദ്യോഗസ്ഥരെയും നിയോഗിക്കും.

ലോക്ക്ഡൗണ്‍ നിയന്ത്രണം തീരുന്നത് വരെ ജാഥയും യോഗങ്ങളും പാടില്ല. കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്ര പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡം പാലിക്കും. മാസ്‌ക് ധരിക്കാത്ത 5821 സംഭവങ്ങള്‍ ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആറ് പേര്‍ ക്വാറന്റീന്‍ ലംഘിച്ചു.

മഹാമാരിക്ക് പിന്നാലെ പേമാരിയും

രണ്ട് ദിവസമായി വ്യാപക മഴയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി. കോട്ടയം, വൈക്കം കുമരകം, ചേര്‍ത്തല, എറണാകുളം, കണ്ണൂര്‍, വെള്ളാനിക്കര, കൊച്ചി, കക്കയം മേഖലയില്‍ 150 മി.മീ-ലധികം അധികം മഴയുണ്ടായി. ചിലയിടത്ത് വെള്ളക്കെട്ടുമുണ്ടായി.

ഇന്നും നാളെയും കൂടി ചില ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രവചിച്ചു. ആഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ അതിതീവ്ര മഴയുണ്ടായത് ഇത്തരം സാഹചര്യത്തിലാണ്. എന്നാല്‍ അതിതീവ്ര മഴ സാധ്യത പ്രവചിച്ചിട്ടില്ല. എന്നാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ക്യാംപുകള്‍ക്ക് കെട്ടിടം സജ്ജീകരിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കും.

ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയമാതൃക

കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായി. തീര്‍ച്ചയായും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റം സംബന്ധിച്ച് എംഎച്ച്ആര്‍ഡി റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തിലെ ഏറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.

എംഎച്ച്ആര്‍ഡി നിര്‍ദ്ദേശിച്ച 16 മാനദണ്ഡങ്ങളില്‍ 15-ഉം കേരളം നേടി. ഇതോടൊപ്പം മറ്റൊരു കാര്യവും നാം ശ്രദ്ധിക്കണം. ഇത് പൊതുവിദ്യാലങ്ങളുടെ ഭാഗമായ കാര്യമാണ്.

‘സ്വകാര്യവിദ്യാലയങ്ങളില്‍ ചിലതിലെ ഓണ്‍ലൈന്‍ ക്ലാസ് സമ്മര്‍ദ്ദമുണ്ടാക്കുന്നു’

പൊതുവിദ്യാലയങ്ങളല്ലാത്ത സ്ഥാപനങ്ങളില്‍ അഞ്ച് മണിക്കൂര്‍ വരെ നീളുന്ന ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുന്നു. ചിലര്‍ക്ക് രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനും ഉണ്ട്. ഇതെല്ലാം ചേര്‍ത്ത് ഏഴ് മണിക്കൂര്‍ വരെ നീളുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസ് കുട്ടിക്ക് പ്രശ്‌നമുണ്ടാകും. ശാരീരിക അസ്വാസ്ഥ്യം മാത്രമല്ല ഇത് കുട്ടിയില്‍, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസക്കുറവ് – ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ഇത് പാടില്ല. പൊതുവിദ്യാലങ്ങള്‍ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നല്‍കുക. എല്ലാ ഓണ്‍ലൈന്‍ ക്ലാസും ലൈവായി നടത്തണം. പരസ്പര ആശയവിനിമയത്തിന് അവസരം ഉണ്ടാകണം. ഒരു സെഷന്‍ അര മണിക്കൂറോളം ദൈര്‍ഘ്യമുള്ളതാകണം. സെഷനുകള്‍ക്കിടയില്‍ ഇടവേള വേണം. കുട്ടികളുടെ പ്രായം കണക്കിലെടുക്കണം. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം നിജപ്പെടുത്തണം. അഞ്ച് മണിക്കൂര്‍ വരെ നീളുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ഭാരമാകും. രാവിലെയും, ഉച്ചയ്ക്ക് ശേഷവും എന്ന വിധത്തില്‍ ഇടവേളയിട്ട് ക്ലാസ് നടത്തണം. ഗൃഹപാഠം, അസൈന്‍മെന്റ് എന്നിവ കുറച്ച് മാത്രമേ നല്‍കാവൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.