ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്. കഴിഞ്ഞ എഴുപതു ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4002 കൊവിഡ് മരണമാണ്. 1,21,311 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,93,59,155 ആണ്. ഇതില്‍ 2,79,11,384 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,67,081.
നിലവില്‍ 10,80,690 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 24,96,00,304 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 7057 കേസുകളും 609 മരണവുമാണ് മഹാരാഷ്ട്രയിലുണ്ടായത്. ഏറ്റവും കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഝാര്‍ഖണ്ഡിലാണ്. 96 കേസുകള്‍ ആണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് മരണം സ്ഥിരീകരിച്ചിരിക്കുന്നത് 23 മരണം നടന്ന ബംഗാളിലാണ്.