തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതെങ്കിലും സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നാല്‍ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ കയ്യില്‍ നില്‍ക്കില്ലാത്ത അവസ്ഥയിലേക്ക് നീങ്ങും.
ലോകമെമ്പാടും വെന്റിലേറ്റര്‍ കിടത്തിയുള്ള ചികിത്സയിലൂടെ രോഗികളുടെ ആയുസ് നീട്ടിനല്‍കാനാവുമെന്ന് തെളിയിച്ചിട്ടുണ്ട്.പാശ്ചാത്യ രാജ്യങ്ങളില്‍ പോലും പ്രായമായവരെ വെന്റിലേറ്ററില്‍ കിടത്താനാവാതെ മരണത്തിലേക്ക് തള്ളിവിടുന്നതും കണ്ടു.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കായി വിവിധ ആശുപത്രികളിലായി കേരളത്തിലുള്ളത് ആകെ 314 വെന്റിലേറ്ററുകളും പതിനായിരം കിടക്കകളും മാത്രമാണ്. സമൂഹ വ്യാപനമുണ്ടായാല്‍ അത്രയും രോഗികളെ പരിപാലിക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളി.
അതേസമയം കൂടുതല്‍ സൗകര്യങ്ങളൊരുക്കി സര്‍ക്കാരിനൊപ്പം ചേരാന്‍ സ്വകാര്യ ആശുപത്രികളും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. അത്യാഹിത സാഹചര്യം നേരിടാന്‍ സംസ്ഥാനത്തെമ്പാടും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി കൂടുതല്‍ കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മാനേജ്‌മെന്റുകളുടെ സമ്മതമില്ലാതെ തന്നെ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.
അതേ സമയം കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. കര്‍ശന നടപടികള്‍ക്ക് ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവര്‍ക്കെതിരെ കേസെടുക്കും.
അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കും. പാസ് കൈവശമില്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനഫലങ്ങള്‍ ഇന്ന് കിട്ടും.
ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങള്‍ കിട്ടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാല്‍,പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്. കാസര്‍കോട് ജില്ലയില്‍ ഇത്തരം കടകള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും.