ബംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ആണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടറെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. ആംബുലന്‍സ് കത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആംബുലന്‍സ് കത്തി പുക ഉയരുകയും അഗ്‌നിശമനസേനാംഗങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. രോഗിയുടെ മരണത്തില്‍ ക്ഷുഭിതരായ കുടുംബാംഗങ്ങള്‍ നഗരത്തിലെ ബിംസ് ആശുപത്രിക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
പ്രദേശത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് മറ്റ് പല രോഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കമ്മീഷണര്‍ ത്യാഗരാജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
അതേസമയം, കര്‍ണാടകയില്‍ ഇന്നലെമാത്രം 4764 പുതിയ കൊവിഡ് കേസുകളും 55 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ കര്‍ണാടകയില്‍ ആകെ കേസുകളുടെ എണ്ണം 75,833 ആയി. മൊത്തം 1519 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.