കോട്ടയത്ത് അതീവ ജാഗ്രത തുടരുമെന്ന് മന്ത്രി പി. തിലോത്തമന്‍
കോട്ടയം: കൊവിഡ് റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത തുടരാന്‍ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ് മേഖലയിലും ഹോട്ട് സ്‌പോട്ടുകളിലും ഇതിനു പുറത്തുള്ള മേഖലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കാനും ധാരണയായി.
വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 65 വയസിനു മുകളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും. രോഗത്തിന് വിട്ടുകൊടുക്കാതെ അവരെ പ്രത്യേകം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങളുള്ള മേഖലകളില്‍ പുറത്തിറങ്ങുവാന്‍ കഴിയാത്തവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകും. നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും. എല്ലാ ജില്ലകളിലും ഈ രീതിയിലായിരിക്കും ക്രമീകരണം.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം നല്‍കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് ജില്ലയില്‍ മതിയായ സൗകര്യങ്ങളൊരുക്കണം. ക്വാറന്റയിനില്‍ താമസിപ്പിക്കുന്നതിന് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും കോട്ടയത്തെ വീണ്ടും ഗ്രീന്‍ സോണാക്കുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.