KeralaNews

കൊവിഡ് പാക്കേജ്: വിവരങ്ങള്‍ ആരാഞ്ഞ് മറ്റു സംസ്ഥാനങ്ങള്‍ ബന്ധപ്പെട്ടതായി ധനമന്ത്രി തോമസ് ഐസക്ക്,ആ പണി അവര്‍ തുടരട്ടെ പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജിനെ പരിഹസിയ്ക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രമാചന്ദ്രനും പ്രതിപക്ഷ എം.എല്‍.എ മാര്‍ക്കും മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.

പണിയില്ലാതെ വലയുന്ന സാധാരണക്കാരില്‍ പണമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഞങ്ങള്‍ ഏറ്റെടുത്ത ആ പണി ഞങ്ങളും ചെയ്യാം. അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ അവരുടെ പണി തുടരട്ടെയെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പണി നാട്ടിലെങ്ങും ഇല്ലാത്തതുകൊണ്ട് സാധാരണക്കാരുടെ കൈയില്‍ പണമില്ല. അവരുടെ കൈവശം പണമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.അതിനുള്ള ഏറ്റവും നല്ല മാര്‍ഗം കുടിശിക അടക്കം മുഴുവന്‍ ക്ഷേമപെന്‍ഷനും വിതരണം ചെയ്യുകയാണ് അടുത്ത പന്ത്രണ്ടു മാസത്തേയ്ക്കുള്ള തൊഴിലുറപ്പു പദ്ധതി രണ്ടു മാസം കൊണ്ട് തീര്‍ക്കുകയാണ്. സൌജന്യ റേഷന്‍ നല്‍കുകയാണ്. സ്‌കോളര്‍ഷിപ്പുകള്‍, സബ്സിഡികള്‍ തുടങ്ങി സാധാരണക്കാര്‍ക്കുള്ള മുഴുവന്‍ കുടിശികകളും സര്‍ക്കാര്‍ തീര്‍ത്തുകൊടുക്കുകയാണ്.

ഇതിനുള്ള വരുമാനമാര്‍ഗമായി കണ്ടെത്തിയിട്ടുള്ളത് അടുത്തവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 25000 കോടി രൂപയുടെ വായ്പയില്‍ പകുതിയെങ്കിലും ഏപ്രില്‍ മാസത്തില്‍ എടുക്കുകയാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ചില പ്രതിപക്ഷ നേതാക്കന്മാര്‍ പോസ്റ്റുകളും വീഡിയോകളും ഇറക്കിക്കൊണ്ടിരിക്കുകയാണ്. ആ പണി അവര്‍ തുടരട്ടെ. ഞങ്ങള്‍ ഏറ്റെുത്ത പണി ഞങ്ങളും ചെയ്യാം.

എവിടെ നിന്നായാലും ഇന്ന് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുക എന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുടിശിക ആകട്ടെ, ഭാവിയില്‍ കൊടുക്കാനുള്ളതില്‍ നിന്നാകട്ടെ, ഇന്നത്തെ ചുമതല ജനങ്ങളുടെ കൈവശം പണമെത്തിക്കുക എന്നതാണ്. ആ ചുമതല ഞങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരത്തില്‍ 20000 കോടി രൂപ ജനങ്ങളുടെ കൈവശമെത്തിക്കുന്നത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. വിശദാംശങ്ങള്‍ അറിയാന്‍ ദല്‍ഹി ധനമന്ത്രി എന്നെ ഫോണ്‍ ചെയ്തിരുന്നു. ഈയൊരു മാതൃകയില്‍ അവരും പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഇത്തരമൊരു മുന്‍കൈയെടുക്കാന്‍ കേരളത്തിന് കരുത്തു നല്‍കിയത് കേരളത്തിലെ മൂന്ന് ജനകീയ സാമ്പത്തിക പ്രസ്ഥാനങ്ങളാണ്. ഒന്ന്, കേരളത്തിലെ സഹകരണ സംഘങ്ങള്‍. അവരാണ് അടിയന്തരമായി പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം വായ്പയായി നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ അവര്‍ക്കു പണം തിരികെ നല്‍കും.

രണ്ട്) കുടുംബശ്രീ പ്രസ്ഥാനം. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ദിവസങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് കോടി രൂപ കൃത്യതയോടെ പാവങ്ങള്‍ക്ക് വായ്പയായി കൊടുക്കാനുള്ള സംവിധാനമില്ല. കുടുംബശ്രീയാണ് 2000 കോടി രൂപ വായ്പ എത്തിച്ചുകൊടുക്കുന്നതിന് ചുമതലയേറ്റിരിക്കുന്നത്.

മൂന്ന്) കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍. അവര്‍ വഴിയാണ് തൊഴിലുറപ്പും ഭക്ഷണശാലകളും നടപ്പാക്കുക. അങ്ങനെ വീണ്ടും കേരളത്തിന്റെ തനിമ പുറത്തുള്ളവര്‍ക്കു ബോധ്യപ്പെടുകയാണ്. ഇതുപോലുള്ള അര്‍ദ്ധസര്‍ക്കാര്‍ ജനകീയ സ്ഥാപനങ്ങളുടെ വലിയ ഇടപെടല്‍ ശേഷിയെ ഈ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈ പാക്കേജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker