Home-bannerInternationalNews

ശ്വാസകോശത്തിലും തലച്ചോറിലും അസാധാരണമാംവിധം രക്തം കട്ടപ്പിടിയ്ക്കുന്നു,ചെറുപ്പക്കാര്‍ക്ക് മസ്തിഷ്‌കാഘാതം,കൊവിഡിനുമുന്നില്‍ പകച്ച് അമേരിക്ക,മരണം അരലക്ഷം

വാഷിംഗ്ടണ്‍:മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമ്പോഴും ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമായ അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ തുടരുന്നു. ഇന്നലെമാത്രം 2341 പേര്‍ മരിച്ചു. ആകെ മരണം 50,000 ആയി. രോഗികള്‍ എട്ടരലക്ഷമായി. 20,000 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അമേരിക്കയില്‍ ഇന്നലെയും 2,325 പേര്‍ മരണത്തിന് കീഴടങ്ങി. മിനറ്റുവെച്ച് ആളുകള്‍ മരിച്ചു വീഴുന്ന അവസ്ഥയാണ് അമേരിക്കയിലുള്ളത്. രാജ്യം കിണഞ്ഞ് പരിശ്രമിച്ചിട്ടും അമേരിക്കയ്ക്ക് ഇനിയും മരണ നിരക്ക് താഴ്ത്തിക്കൊണ്ടു വരാന്‍ സാധിക്കാത്തത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നു.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ ആന്തരികാവയവങ്ങളില്‍ അസാധാരണമാം വിധം രക്തം കട്ടപിടിക്കുന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടിയാകുന്നതായി ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചെറിയ രോഗലക്ഷണമുള്ള ചെറുപ്പക്കാര്‍ക്ക് പോലും രക്തം കട്ടപിടിച്ച് മസ്തിഷ്‌കാഘാതം സംഭവിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു ശ്വാസകോശ രോഗം എന്നതിനപ്പുറം കൊവിഡിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ പുതിയ ചികിത്സാ രീതി പരീക്ഷിച്ച് തുടങ്ങി. രോഗികള്‍ക്ക് രക്തത്തിന്റെ കട്ടി കുറയാനുള്ള മരുന്നുകള്‍ നല്‍കി തുടങ്ങി. അതേസമയം, ചില രോഗികളില്‍ രക്തത്തിന്റെ കട്ടി കുറയുന്നത് ആന്തരിക രക്തസ്രാവത്തിനു കാരണമാകുമെന്നത് വെല്ലുവിളിയാണ്.ഇന്നലെയും കൂട്ടമരണം സംഭവിച്ചതോടെ അമേരിക്കയിലെ മരണ നിരക്ക് ഇന്ന് അരലക്ഷം കടക്കും. 49,845 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെയും പുതുതായി 31,419 പേരില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 880,136 ആയി ഉയര്‍ന്നു.

ജോര്‍ജ്ജിയ, സൗത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോട സാമ്പത്തികരംഗം തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോങ്ക്സ് (Bronx Zoo) മൃഗശാലയില്‍ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മൃഗശാലാ അധികൃതര്‍ അറിയിച്ചു. മാര്‍ച്ചില്‍ നാല് വയസ് പ്രായമുള്ള നാദിയ എന്ന മലേഷ്യന്‍ പെണ്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗശാല ജീവനക്കാരനില്‍ നിന്നാണ് നാദിയയ്ക്ക് അസുഖം ബാധിച്ചത്.

ഇതേ തുടര്‍ന്ന് ചെറിയ തോതില്‍ ചുമ അടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മറ്റ് മൃഗങ്ങളെ നീരിക്ഷണത്തിലാക്കിയിരുന്നു. അനസ്തേഷ്യ നല്‍കി ഇവയുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നീ ശരീര ഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധിച്ച മൃഗങ്ങള്‍ക്ക് ചികിത്സ ആരംഭിച്ചതായും ഇപ്പോള്‍ രോഗം കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിലെ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker