തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ കഴിയേണ്ടി വരില്ലെന്ന് കൊവിഡ് സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് വ്യക്തമാക്കി.
ആറ് ദിവസമായി പേഴ്‌സണല്‍ സ്റ്റാഫിലെ ഈ അംഗം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗലക്ഷണം പ്രകടമായത്. തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ച വിവരം ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡിഎംഒയെ അറിയിച്ചിരുന്നു. കഴിഞ്ഞ ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചെന്നിത്തല നിരീക്ഷണത്തില്‍ പോകേണ്ടി വരില്ലെന്നാണ് വിവരം.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സാ കാലാവധി കഴിഞ്ഞെങ്കിലും മറ്റ് രണ്ട് മന്ത്രിമാരും വിശ്രമത്തില്‍ തുടരുകയാണ്. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.