അബുദാബി:കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യമായ യുഎഇയില്‍ ജനങ്ങളുടെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.
പുതുക്കിയ ഉത്തരവ് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം.യുഎഇയില്‍ ഉടനീളം 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാനും അനുമതിയുണ്ട്. കാറുകളില്‍ മൂന്ന് പേർക്ക് മാത്രമേ സഞ്ചരിക്കാനാകു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇളവുണ്ട്. കാറില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ എല്ലാവരും മാസ്‍ക് ധരിക്കണം.കൈയുറകളും ധരിക്കണമെന്നും നിർബന്ധമുണ്ട്.
അതേസമയം അബുദാബിയില്‍ നിയന്ത്രണങ്ങൾ തുടരും. എമിറേറ്റിനുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാം. അബുദാബിയില്‍ നിന്ന് പുറത്തുപോകാനും പ്രത്യേക അനുമതി വേണ്ട. എന്നാല്‍ എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നേരത്തെ ഇളവ് അനുവദിച്ചിരുന്ന വിഭാഗങ്ങൾക്ക് മാത്രമേ തുടർന്നും ഇളവുകൾ അനുവദിക്കൂ.