Newspravasi

സ്വന്തം വീടുകളിലോ താമസ സ്ഥലത്തോ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന സത്യവാങ്മൂലം നല്‍കണം ; കൊവിഡ് 19: അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. വീടുകളില്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കന്നതിന്റെ മാനദണ്ഡങ്ങളും മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള നിര്‍ദേശങ്ങള്‍

ആഗമനം
പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്ക് വിധേയരാവണം.

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പ്രാഥമിക പരിശോധനക്ക് ശേഷം കോവിഡ് ജാഗ്രതപരിശോധന കൗണ്ടറുകളിലെത്തണം.

സ്വന്തം വീടുകളിലോ താമസ സ്ഥലത്തോ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന സത്യവാങ്മൂലം നല്‍കണം. അത്തരത്തിലുള്ള സംവിധാനം ലഭ്യമല്ലെങ്കില്‍ അറിയിക്കണം. ഡെസ്‌കിന്റെ ചുമതലയിലുള്ളവര്‍ യാത്ര വിവരവും വിലാസവുമുള്‍പ്പടെ ജാഗ്രത പ്ലാറ്റ്ഫോമില്‍ ചേര്‍ക്കണം.

* തെറ്റായ സത്യവാങ്മൂലം നല്‍കിയാലുണ്ടാവുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഡെസ്‌കിന്റെ ചുമതലയുള്ളയാള്‍ യാത്രക്കാരനെ പറഞ്ഞ് മനസിലാക്കണം.

*തെറ്റായ വിവരങ്ങള്‍ നല്‍കിയാലുണ്ടാവുന്ന നിയമനടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കണം. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും സംസ്ഥാന പകര്‍ച്ച വ്യാധി (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരവും ശിക്ഷക്ക് വിധേയനാവുകയും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ചെയ്യുന്നതായിരിക്കും എന്ന വിവരം അറിയിക്കണം.

ഡെസ്‌കിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിക്കുക.

*യാത്രക്കാര്‍ക്കാവശ്യമായുള്ള നിരീക്ഷണസംവിധാനം വീടുകളില്‍ ഉണ്ടെങ്കില്‍, ഓണ്‍ലൈന്‍ സംവിധാനം വഴി റെസിഡന്‍ഷ്യല്‍ ക്വാറന്റൈന്‍ സംവിധാനം സാക്ഷ്യപ്പെടുത്തുക.

*സ്വന്തം വീട്ടില്‍ നിരീക്ഷണത്തിന് കഴിയാന്‍ സംവിധാനമില്ലെങ്കില്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സംവിധാനമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്‍ സംവിധാനം ക്രമീകരിക്കണം.

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പോലീസിനും അതാത് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയ ആളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുക.

ആഗമന ഹാളിന്റെ പുറത്ത് സ്വന്തം താമസ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തമായി ക്രമീകരിച്ച ടാക്‌സിയിലോ വാഹനത്തിലോ വീട്ടിലേക്ക് പോവുക.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലേക്ക് പോവുന്ന ആളുകള്‍ സ്വന്തമായി ക്രമീകരിച്ച വാഹനത്തില്‍ സ്ഥാപനത്തിലേക്ക് പോവുക. ആള്‍ക്കൂട്ടവുമായുള്ള ഇടപെടല്‍ പരമാവധി ഒഴിവാക്കുക

*പെയ്ഡ് ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് പോവുന്നവര്‍ സ്വന്തമായി ക്രമീകരിച്ച വാഹനത്തില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോവുക

വീടുകളിലേക്ക് പോവുന്ന ആളുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന വിലാസത്തില്‍ തന്നെയാണ് എത്തുന്നതെന്ന് പോലീസ് ഉറപ്പാക്കുക.

വീടുകളില്‍ എത്തിയ ശേഷം (തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്) സത്യ വാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണെന്നും ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക.

സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയോ ക്വാറന്റൈന്‍ കൃത്യമായി പാലിക്കാതിരിക്കുകയോ ചെയ്താല്‍ പോലീസില്‍ വിവരമറിയിക്കുകയും വിദേശത്തു നിന്നെത്തിയ ആളെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനിലേക്ക് മാറ്റുകയും ചെയ്യുക.

സുരക്ഷിതമായ ക്വാറന്‍റീന്‍ ഉറപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ കുടുംബാഗങ്ങള്‍ക്ക് നല്‍കുക

നിരീക്ഷണത്തില്‍ കഴിയുന്ന വീട്ടില്‍ ഗുരുതര രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അവരെ ബോധവത്കരണം നടത്തുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുക.

പോലീസ് പാലിക്കേണ്ട മുന്‍കരുതലുകള്‍
*ക്വാറന്‍റീന്‍ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരവും പകര്‍ച്ച വ്യാധി(ഭേദഗതി) നിയമ പ്രകാരവും വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുക. പെയിഡ് ക്വാറന്റൈന്‍ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സ്ഥലങ്ങളില്‍ ക്വാറന്റീന്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പും പോലീസും റെവന്യു ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker