25.4 C
Kottayam
Friday, May 17, 2024

പ്രത്യാശ നല്‍കി മനുഷ്യരിലെ കൊറോണ വൈറസ് വാക്‌സില്‍ പരീക്ഷണം; ആദ്യഘട്ടം വിജയകരം

Must read

ബെയ്ജിംഗ്: മനുഷ്യരില്‍ നടത്തിയ കൊറോണ വൈറസിനെതിരേയുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരം. 108 പേരില്‍ ആഡ്5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ ലേഖനത്തില്‍ അവകാശപ്പെടുന്നു.

ചൈനയിലെ ജിയാംഗ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെംഗ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. വാക്‌സിന്‍ എടുത്തവരില്‍ സാര്‍സ് കോവ്2 വൈറസിനെതിരായ ആന്റി ബോഡി സൃഷ്ടിക്കപ്പെട്ടു. ഇവരില്‍ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

പരീക്ഷണം പൂര്‍ണ വിജയമെന്നു പറയാന്‍ ഇനിയും സമയം ആവശ്യമാണ്. പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ആറു മാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക് കടന്നു. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് രണ്ടരലക്ഷത്തിലധികം പേരാണ് . രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിനിടെ ബ്രിട്ടനില്‍ മരണം 40,000 ത്തോട് അടുക്കുകയാണ്. ബ്രസീലില്‍ 966 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 21,048 ആയി.

റഷ്യയിലും രോഗവ്യാപന തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കള്‍ക്ക് വാക്‌സിനേഷനിലൂടെ തടയാന്‍ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ,മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week