ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ മരണം 3500 കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ 630 പേര്‍ മരിച്ചു. ഇതോടെ കൊറോണ മൂലമുള്ള ആകെ മരണം 3,565 ആയി. സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ഇറ്റലിയെ മറികടക്കുകയും ചെയ്തു.
<p>114,775 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 11,299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പറഞ്ഞു. കൂടുതല്‍ വെന്റിലേറ്ററുകള്‍ക്കായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അയച്ചുനല്‍കിയ 1,000 വെന്റിലേറ്ററുകള്‍ക്ക് ചൈനയ്ക്ക് ക്യൂമോ നന്ദി അറിയിച്ചു. ഒറിഗണ്‍ 140 വെന്റിലേറ്ററുകള്‍ കൂടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ന്യൂയോര്‍ക്കിന് ആവശ്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ഉണ്ടായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ഫെഡറല്‍ സഹായങ്ങള്‍ ഉണ്ടാവും. നിര്‍ഭാഗ്യവശാല്‍ ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മരമങ്ങള്‍ ഉണ്ടാവുമെന്ന് ട്രംപ് പറഞ്ഞു. യുഎസില്‍ ശനിയാഴ്ച 34,196 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 311357 ആയി.</p>