Home-bannerKeralaNewsNews

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന; ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച. ഹർജിയിൽ വാദം വെള്ളിയാഴ്ച പൂർത്തിയായി. ഇനി ഇരുവിഭാഗങ്ങൾക്കും കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ശനിയാഴച രേഖാമൂലം അറിയിക്കാമെന്നും കോടതി അറിയിച്ചു. അതിനുശേഷം തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പുറപ്പെടുവിക്കും.

കേവലം ശാപവാക്കുകൾ മാത്രമല്ല അതിനപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

സാധാരണ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനപ്പുറത്ത് വിശദമായ വാദ പ്രതിവാദങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സോജൻ, സുദർശൻ എന്നീ അന്വേഷണ ഉദ്യോഗസ്ഥർക്ക് പണികൊടുക്കണമെന്ന് ദിലീപ് പറയുന്ന വാക്കുകൾ എങ്ങനെയാണ് ശാപവാക്കുകളായി കാണാൻ കഴിയുമെന്നും ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനമെടുത്ത ശേഷമാണ് ഇത്തരമൊരു സംസാരം ഉണ്ടായതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

പ്രോസിക്യൂഷൻ തങ്ങൾക്ക് അനുകൂലമായി സമർപ്പിച്ച കേസുകൾ ഈ കേസുമായി യൊതൊരു ബന്ധവുമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ദിലീപ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാവില്ല. മൂന്ന് ദിവസം 9 മണിമുതൽ രാത്രി 8 മണിവരെ ചോദ്യം ചെയ്തു. ഫോണിന്റെ പാറ്റേൺ ചോദിച്ചപ്പോൾ ഉടനെ കൊടുത്തു. പോലീസ് പറയുന്നത് ഏറ്റുപറയുകയാണ് പ്രോസിക്യൂഷനെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് എന്തിനാണ് ഇത്ര വൈരാഗ്യമെന്നും ദിലീപ് ചോദിക്കുന്നു.

കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം പ്രതിഭാഗം നടത്തിയ വാദങ്ങൾക്ക് അക്കമിട്ടാണ് പ്രോസിക്യൂഷൻ ഇന്ന് മറുപടി നൽകിയത്. കേസിലെ നടപടി ക്രമങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പ്രോസിക്യൂഷൻ വാദം തുടങ്ങിയത്. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതൽ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന നടത്തിയ ആളാണ്. ദിലീപ് ബുദ്ധിപൂർവം ഗൂഢാലോചന നടത്തി തന്ത്രപൂർവം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇതൊരു അസാധാരണ കേസാണ്. ഈ കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നിൽ. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ.

അതേസമയം ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്ന് കോടതി ചോദിച്ചു. ഏതെങ്കിലും സ്ഥലത്തിരുന്നുകൊണ്ടുള്ള സംസാരം ഗൂഢാലോചന കുറ്റം ആകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ഇതൊരു അസാധാരണ കേസാണ്. ഇതിന് സാക്ഷിയുണ്ട്. ബാലചന്ദ്രകുമാർ ഗൂഢാലോചനക്ക് സാക്ഷിയാണ്. 2017 നവംബർ 15ന് ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടിൽ വെച്ച് നടത്തിയ സംഭാഷണങ്ങൾക്കപ്പുറത്ത് സാക്ഷിയുണ്ട്, കൂടാതെ ചില നീക്കങ്ങളുണ്ടായെന്നുമാണ് പ്രോസിക്യൂഷൻ വാദം. സോജൻ, സുദർശൻ എന്നീ അന്വേഷണ ഉദ്യോഗസ്ഥർക്ക് പണികൊടുക്കണമെന്ന് ദിലീപ് പറയുന്ന വാക്കുകൾ എങ്ങനെയാണ് ശാപവാക്കുകളായി കാണാൻ കഴിയും. ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനമെടുത്ത ശേഷമാണ് ഇത്തരമൊരു സംസാരം ഉണ്ടായതെന്നാണ് പ്രോസിക്യൂഷൻ വാദം.

ബാലചന്ദ്രകുമാർ ദിലീപിന്റെ ഗൂഢാലോചന സംബന്ധിച്ച് ഭാര്യയോടു പറഞ്ഞിരുന്നു. പിന്നീട് പോലീസിനെ അറിയിക്കുന്നതിനെക്കുറിച്ച് ഭാര്യയോട് സംസാരിച്ചു.എന്നാൽ പോലീസിനോട് പറഞ്ഞാൽ ജീവന് തന്നെ ഭീഷണി ഉണ്ടാകുമെന്നാണ് ഭാര്യ പറഞ്ഞത്. ഇക്കാര്യങ്ങളടക്കം ഭാര്യയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ഒരു വ്യക്തിയുടെ മൊഴി എങ്ങനെയൊക്കെ വിശ്വാസത്തിലെടുക്കാമെന്ന് വിവിധ കോടതികൾ ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു.

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളുടെ ഫോണുകൾ കാണാതെ പോയി. തെറ്റുകാരല്ലെങ്കിൽ എന്തിന് ഫോണ് മാറ്റി. സിനിമ നിർമാതാവായ സലിമിന്റെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. എ വി ജോർജ്, ബി സന്ധ്യ എന്നീ ഉദ്യോഗസ്ഥർക്ക് രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. അന്ന് അങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായപ്പോൾ ഗൂഢാലോചനക്ക് ശേഷം കുറ്റകൃത്യം നടത്തുന്നതിന് നീക്കം നടത്തി എന്നാണ് മനസിലാക്കുന്നതെന്നാണ് സലിമിന്റെ മൊഴി. അതേസമയം ഗൂഢാലോചനയ്ക്ക് അപ്പുറത്തേക്ക് മറ്റ് നടപടികളിലേക്ക് കടന്നതായാണ് പലരുടേയും മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം മറ്റ് ആരൊക്കെ ഉണ്ട് എന്നത് വിഷയമല്ല, ടാർഗറ്റ് ആയ ഉദ്യോഗസ്ഥൻ ആരാണോ അയാൾ കൊല്ലപ്പെടണം. ഉദ്യോഗസ്ഥരെ പച്ചക്ക് കത്തിക്കണം. തന്റെ ദേഹത്ത് കൈ വെച്ച സുദർശന്റെ കൈ വെട്ടണം. ലക്ഷ്യംവെച്ചത് ആരെയെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കൊല നടത്തണമെന്നും ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഉണ്ട്.

കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. പിന്നീട് പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാനും മറ്റും കോടതി പറയുകയായിരുന്നു. വിധി വൈകുന്നത് പ്രതിക്ക് ഗുണകരമാകും. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ കൂറുമാറ്റി. ദിലീപിന്റെ വീട്ടിലെ കെയർ ടേക്കറിനെ മൊഴിയെടുക്കുന്നതിനായി വിളിച്ചു വരുത്തി. അയാളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് മൊഴി നൽകി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൽ രണ്ട് കേസുകൾ നിലവിലുണ്ട്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker